മൊഹാലി: ഐ.പി.എല്ലില്‍ തുടര്‍ച്ചയായി തോല്‍വികള്‍ നേരിട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിരിച്ചുവരവിനൊരുങ്ങുന്നു. പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ തട്ടകത്തിലെത്തിച്ചും നെറ്റ്‌സില്‍ പരീക്ഷണങ്ങള്‍ നടത്തിയുമാണ് ബാംഗ്ലൂര്‍ വിജയവഴിയിലെത്താന്‍ ശ്രമിക്കുന്നത്.  പരിക്കേറ്റ നഥാന്‍ കോള്‍ട്ടര്‍നൈലിന് പകരമാണ് സ്റ്റെയ്നിന്റെ വരവ്. നേരത്തേ ലേലത്തില്‍ താരത്തെ ആരും ടീമിലെടുത്തിരുന്നില്ല. 

2016-ല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയായിരുന്നു സ്റ്റെയ്ന്‍ അവസാനമായി ഐ.പി.എല്‍. ക്രിക്കറ്റില്‍ കളിച്ചത്. ഐ.പി.എല്‍. ആദ്യ സീസണ്‍ മുതല്‍ 2010 വരെ ബാംഗ്ലൂരിന്റെ താരമായിരുന്നു സ്റ്റെയ്ന്‍ അവര്‍ക്കായി 28 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റ് നേടിയിട്ടുണ്ട്. 

അതേസമയം മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ കോലി പുതിയ ഷോട്ടുകള്‍ പരീക്ഷിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി സ്വിച്ച് ഹിറ്റ് അടക്കമുള്ള ഷോട്ടുകളിലാണ് കോലി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന്റെ വീഡിയോ ബാംഗ്ലൂര്‍ ട്വീറ്റിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 

ആറ് മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഈ സീസണില്‍ ആറ് കളിയില്‍ 203 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 

Content Highlights: Royal Challengers Bangalore get Dale Steyn boost IPL 2019