മുംബൈ: രാജസ്ഥാനെതിരായ മത്സരം നാലു വിക്കറ്റിന് തോറ്റെങ്കിലും മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ രസകരമായ ഫൂട്ട്‌വര്‍ക്ക് മുംബൈ ആരാധകരെ ഏറെ രസിപ്പിച്ചു. സ്റ്റമ്പിങ്ങില്‍ നിന്ന് രക്ഷപ്പെടാനാണ് രോഹിത് തന്റെ ഫുട്‌ബോളിലുള്ള കഴിവ് പുറത്തെടുത്തത്.

കൃഷ്ണപ്പ ഗൗതം എറിഞ്ഞ മത്സരത്തിന്റെ 10-ാം ഓവറിലായിരുന്നു സംഭവം. ഗൗതമിന്റെ അഞ്ചാം പന്ത് ക്രീസ് വിട്ടിറങ്ങി അടിക്കാനുള്ള ശ്രമത്തിലായിരുന്നു രോഹിത്. ഇതു മനസിലാക്കിയ ഗൗതം പന്ത് ലെഗ് സ്റ്റമ്പിന് പുറത്തായി എറിയുകയായിരുന്നു. ഇതോടെ പന്ത് കണക്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ രോഹിത് ഇടംകാലുകൊണ്ട് പന്ത് തട്ടിക്കളയുകയായിരുന്നു. 

പന്ത് തട്ടിക്കളഞ്ഞ ശേഷം രോഹിത് ഒരു ചിരിയും പാസാക്കി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

32 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 47 റണ്‍സെടുത്ത രോഹിത്തിനെ ഒടുവില്‍ ജോഫ്ര ആര്‍ച്ചറാണ് പുറത്താക്കിയത്.

Content Highlights: rohit sharma brilliant footwork to dodge being stumped