കൊല്‍ക്കത്ത: ബുധനാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഫീല്‍ഡിങ് ക്രമീകരണത്തിലെ പിഴവില്‍ തിരിച്ചടി കിട്ടിയ പഞ്ചാബ് നായകന്‍ അശ്വിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 

ഇതിനു പിന്നാലെയാണ് ക്യാപ്റ്റന്റെ അബദ്ധം ടീമിന് തന്നെ തിരിച്ചടിയായത്. മത്സരം 28 റണ്‍സിനാണ് പഞ്ചാബ് തോറ്റത്. വെറും 17 പന്തില്‍ നിന്ന് 48 റണ്‍സ് അടിച്ചെടുത്ത വിന്‍ഡീസ് താരം ആന്ദ്രേ റസ്സലിന്റെ പ്രകടനമാണ് കൊല്‍ക്കത്ത വിജയത്തില്‍ നിര്‍ണായകമായത്. ഈ റസ്സലിനെ വെറും മൂന്നു റണ്‍സില്‍ നില്‍ക്കെ മുഹമ്മദ് ഷമി പുറത്താക്കിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ് ക്രമീകരണത്തിലെ പിഴവിന്റെ പേരില്‍ അമ്പയര്‍ ഈ പന്ത് നോ ബോള്‍ വിളിച്ചു. അതോടെ റസ്സലിന് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്തു. 

ravichandran ashwin gets trolled for captaincy blunder against kkr

ഫീല്‍ഡിങ് നിയമമനുസരിച്ച് 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നാലു ഫീല്‍ഡര്‍മാരെ നിര്‍ബന്ധമായും നിര്‍ത്തിയിരിക്കണം. എന്നാല്‍ റസ്സലിന്റെ വിക്കറ്റ് വീഴുമ്പോള്‍ സര്‍ക്കിളിനുള്ളില്‍ മൂന്നു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെയാണ് നിയമലംഘനത്തിന്റെ പേരില്‍ ഷമിയുടെ പന്ത് നോബോള്‍ വിളിച്ചത്. ഈ തീരുമാനത്തോടുള്ള രോഷം അശ്വിന്‍ പ്രകടിപ്പിക്കുകയും ചെയ്തു. 

മത്സരം പഞ്ചാബ് തോറ്റതോടെ സോഷ്യല്‍ മീഡിയയില്‍ അശ്വിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി. മങ്കാദിങ്ങിന് അശ്വിന് കിട്ടിയ തിരിച്ചടിയാണ് ഈ തോല്‍വിയെന്നാണ് വിലയിരുത്തല്‍. മത്സരത്തില്‍ നാല് ഓവറില്‍ 47 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 

ravichandran ashwin gets trolled for captaincy blunder against kkr

അശ്വിന്റെ ക്യാപ്റ്റന്‍സിയേയും പലരും വിമര്‍ശിച്ചിട്ടുണ്ട്. മങ്കാദിങ് നിയമമറിയുന്ന താരത്തിന് ഫീല്‍ഡിങ് നിയമങ്ങള്‍ അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

ravichandran ashwin gets trolled for captaincy blunder against kkr

Content Highlights: ravichandran ashwin gets trolled for captaincy blunder against kkr