ബെംഗളൂരു: ഐ.പി.എല്ലിനിടെ താരങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ക്കുന്നത് പതിവാണ്. സ്ലഡ്ജിങ്ങിലൂടെയും മറ്റും താരങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കാനും ശ്രദ്ധ തെറ്റിക്കാനും പലപ്പോഴും ശ്രമിക്കാറുണ്ട്. ഇതുപോലെ കിങ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടേയും ഒരു സംഭവം നടന്നു. പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിനും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലായിരുന്നു പ്രശ്‌നം.

രണ്ട് പന്തില്‍ ആറു റണ്‍സെടുത്ത അശ്വിന്‍ പുറത്തായി ഡഗ് ഔട്ടിലേക്ക് നടക്കുന്നതിനിടയില്‍ ഗ്ലൗസുകള്‍ വലിച്ചെറിയുകയായിരുന്നു. ഇത് എന്തിനാണ് എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. അശ്വിന്‍ പുറത്തായപ്പോള്‍ കോലി കൈ കൊണ്ട് കാണിച്ച ആക്ഷനാണ് അശ്വിന്റെ ദേഷ്യത്തിന് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ ലോങ് ഓണില്‍ കോലിക്ക് ക്യാച്ച് നല്‍കിയാണ് അശ്വിന്‍ പുറത്താകുന്നത്. അശ്വിന്‍ പുറത്തായപ്പോള്‍ കോലി കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഈ ആക്ഷന്‍ അശ്വിന് എതിരെ ആയിരുന്നു എന്നാണ് ചിലര്‍ പറയുന്നത്.

എന്നാല്‍ മോശം പന്ത് എറിഞ്ഞ ഉമേഷിനോടാണ് കോലി ദേഷ്യപ്പെട്ടതെന്നും ആരാധകര്‍ പറയുന്നു. അതും മോശം പന്തായിരുന്നു. കഷ്ടിച്ചാണ് സിക്‌സില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ ദേഷ്യമാണ് ഉമേഷിനോട് കോലി കാണിച്ചത്. ഒരു വിഭാഗം ആരാധകര്‍ പറയുന്നു. വിക്കറ്റ് അനാവശ്യമായി കളഞ്ഞതിന്റെ ദേഷ്യമാണ് അശ്വിന്‍ കാണിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

 

Content Highlights: R Ashwin angry reaction after receiving send off from Virat Kohli