ന്യൂഡല്‍ഹി: യോര്‍ക്കറുകള്‍ എറിഞ്ഞ് ഐ.പി.എല്ലിലെ അദ്ഭുതമാകുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പേസ് ബൗളര്‍ കാഗിസോ റബാദ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസലിനെ സൂപ്പര്‍ ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ റബാദയുടെ ആ യോര്‍ക്കര്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കാനാകില്ല. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിന്നുംതാരമായ 23-കാരന്‍ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. മാതാപിതാക്കള്‍ വര്‍ണവിവേചനത്തിന് ഇരയുണ്ടായിട്ടുണ്ടെങ്കിലും തനിക്കങ്ങനെ വേദന നിറഞ്ഞ അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് റബാദ പറയുന്നു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റബാദ മനസ്സുതുറന്നത്. 

ഞാന്‍ അനുഗ്രഹീതനാണ്. ബോണ്‍-ഫ്രീ ജനറേഷനില്‍ ജനിച്ചയാള്‍. എന്റെ അച്ഛന്‍ ഡോക്ടറും അമ്മ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായിരുന്നു. പ്രൊഫഷണില്‍ അവര്‍ പലപ്പോഴും വര്‍ണവിവേചനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ കയ്‌പേറിയ അനുഭവമുണ്ടായിട്ടില്ല. റബാദ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം അവസാനിച്ച ശേഷം ജനിച്ചവരാണ് ബോണ്‍-ഫ്രീ ജനറേഷന്‍ എന്ന് അറിയപ്പെടുന്നത്. 

രാജ്യത്തിന് വേണ്ടി കളിക്കണമെന്നാണ് എക്കാലത്തേയും ആഗ്രഹമെന്നും അതിനാല്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് പോലെയുള്ള മറ്റു സാധ്യതകള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും റബാദ വ്യക്തമാക്കി. 

ദക്ഷിണാഫ്രിക്കയിലെ കൊല്‍പാക് നിയമം ഉപയോഗപ്പെടുത്തി ചില താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ പോയിട്ടുണ്ട്. 2017 മുതല്‍ പേസ് ബൗളര്‍ കെയ്ല്‍ അബോട്ടും ഈ അടുത്ത് ഡ്യൂനെ ഒലീവറും കൗണ്ടിയില്‍ കളിക്കുന്നുണ്ട്. എന്നാല്‍ അതിന് താത്പര്യമില്ലെന്ന് റബാദ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ക്ക് അവിടെ പ്രൊഫഷണലായി ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് കൊല്‍പാക് നിയമം.

Content Highlights: My parents didn't have it easy during apartheid but I was blessed says Kagiso Rabada