മുംബൈ: സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. സൂപ്പര്‍ ഓവറില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സായിരുന്നു. റാഷിദ് ഖാന്റെ ആദ്യ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ സിക്സ് അടിച്ചപ്പോള്‍ രണ്ടാം പന്തില്‍ സിംഗിളെടുത്തു. മൂന്നാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് ഡബിളെടുത്തു. ഇതോടെ മുംബൈ 16 പോയിന്റോടെ പ്ലേ ഓഫിലെത്തി.
സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനായി ക്രീസിലിറങ്ങിയത് മുഹമ്മദ് നബിയും മനീഷ് പാണ്ഡെയുമായിരുന്നു. നാല് പന്തിനിടെ തന്നെ ഹൈദരാബാദിന്റെ രണ്ട് വിക്കറ്റ് പോയി. ഒരു റണ്ണെടുത്ത മനീഷ് പാണ്ഡെ ആദ്യം പോയി. പിന്നാലെ ആറു റണ്ണുമായി മുഹമ്മദ് നബിയും പുറത്തായി. ഒരു റണ്ണുമായി മാര്ട്ടിന് ഗുപ്റ്റില്‍ പുറത്താകാതെ നിന്നു. ഇരുടീമും നിശ്ചിത ഓവറില്‍ 162 റണ്‍സ് എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.
നേരത്തെ ഓപ്പണറായി ഇറങ്ങി 20 ഓവറും ക്രീസില്‍ നിന്ന ക്വിന്റണ്‍ ഡികോക്കിന്റെ മികവിലാണ് മുംബൈ 162 റണ്‍സ് അടിച്ചത്. ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴെല്ലാം പിടിച്ചുനിന്ന ഡികോക്ക് 58 പന്തില്‍ ആറു ഫോറും രണ്ട് സിക്സും സഹിതം 69 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മ 24 റണ്‍സും സൂര്യകുമാര്‍ യാദവ് 23 റണ്‍സും നേടി.
ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റെടുത്തു. മലയാളി താരം ബേസില്‍ തമ്പി നാല് ഓവറില്‍ വഴങ്ങിയത് 40 റണ്‍സാണ്. വിക്കറ്റ് ഒന്നും ലഭിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അവസാന പന്തില്‍ മുംബൈയെ ഒപ്പം പിടിക്കുകയായിരുന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്നാം പന്ത് സിക്സിന് പറത്തിയ മുഹമ്മദ് നബി എന്നാല്‍ അടുത്ത പന്തില്‍ പുറത്തായി. ഒടുവില്‍ അവസാന പന്തില്‍ വിജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്ന അവസ്ഥയായി. പാണ്ഡ്യയുടെ പന്ത് ഗാലറിയിലേക്ക് പറത്തി പാണ്ഡെ മത്സരം സമനിലയിലെത്തിച്ചു. ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മുംബൈയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highllights: Mumbai Indians vs Sunrisers Hyderabad IPL 2019