കൊല്‍ക്കത്ത: ഐ.പി.എല്ലിലെ താരം ആരാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തുടര്‍ച്ചയായ വിജയങ്ങളിലേക്ക് നയിക്കുന്ന എം.എസ് ധോനിയോ? ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന ആന്ദ്ര റസ്സലോ? അതോ യോര്‍ക്കര്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ കുഴക്കുന്ന കാഗിസോ റബാദെയോ? എന്നാല്‍ ഇവരാരുമല്ല ആ താരം. ധോനിയുടെ കുഞ്ഞു മകള്‍ സിവ ധോനിയാണ്. ഓരോ മത്സരത്തിനും അച്ഛന്‍ ധോനിക്കും അമ്മ സാക്ഷിക്കും ഒപ്പം ഗ്രൗണ്ടിലെത്താറുള്ള സിവ കളിക്കാരുടേയും ആരാധകരുടേയും കണ്ണിലുണ്ണിയാണ്.

ഐ.പി.എല്ലിലെ ഈ യാത്രക്കിടയില്‍ സിവയ്ക്ക് ഒപ്പം ഒരു കളിക്കൂട്ടുകാരിയുമുണ്ട്. സുരേഷ് റെയ്‌നയുടെ മകള്‍ ഗാര്‍ഷ്യ. ഇരുവരും തമ്മിലുള്ള മനോഹര വീഡീയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നാല്‍ കുഞ്ഞു സിവ റെയ്‌നക്ക് നല്‍കിയ ഒരു ചുംബനമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഈ നിമിഷം. ധോനിയോടൊപ്പം ഗ്രൗണ്ടില്‍ കളിക്കുന്നതിനിടയില്‍ സുരേഷ് റെയ്‌ന സിവയെ എടുക്കുകയായിരുന്നു. ഉമ്മ ചോദിച്ചപ്പോള്‍ കുഞ്ഞുസിവ ഒട്ടും മടി കാണിച്ചില്ല. റെയ്‌നയുടെ കവിളില്‍ ഒരു ഉമ്മ നല്‍കി.

രവീന്ദ്ര ജഡേജയും ധോനിയും ഈ മനോഹ നിമിഷത്തിന് സാക്ഷിയായി. സമ്മാനദാനച്ചടങ്ങിന് ശേഷം ചെന്നൈയിലെ താരങ്ങള്‍ തന്നെയായ ഡ്വെയ്ന്‍ ബ്രാവോയോടും ഇമ്രാന്‍ താഹിറിനോടും കുസൃതി കാണിക്കുന്ന സിവയേയും വീഡിയോയില്‍ കാണാം.

 

Content Highlights: MS Dhoni’s Daughter Ziva Kissing Suresh Raina