ജയ്പുര്‍: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അമ്പയറോട് തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിയെ വിമര്‍ശിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. അവസാന ഓവറില്‍ നോ ബോള്‍ വിളിച്ച അമ്പയര്‍ പിന്നീട് അത് പിന്‍വലിച്ചതാണ് ധോനിയെ ദേഷ്യം പിടിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ധോനി ഡഗ് ഔട്ടില്‍ നിന്ന് ഇറങ്ങി വന്ന് അമ്പയറോട് കയര്‍ക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരേ ട്വീറ്റിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മൈക്കല്‍ വോണ്‍. ധോനിയുടെ നടപടി ക്രിക്കറ്റിന് നല്ലതെന്നും ഡഗ് ഔട്ടിലിരിക്കുന്ന ക്യാപ്റ്റന് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ യാതൊരു അവകാശവുമില്ലെന്നും വോണ്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. 

എന്നാല്‍ വോണിന്റെ ഈ ട്വീറ്റിന് ഒരു ആരാധകന്‍ മറുപടിയുമായെത്തി. ധോനിയുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നതായിരുന്നു ഇത്. എന്നാല്‍ വോണിന് അത് രസിച്ചില്ല. വിഡ്ഢിത്തം പറയരുതെന്നും ക്യാപ്റ്റന്‍ എന്ന നിലയില്‍ അമ്പയറുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു വോണിന്റെ മറുപടി. ധോനിയുടെ ഈ നടപടി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി. 

 

Content Highlights: Michael Vaughan slams MS Dhoni for scuffle with umpires