മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തോല്‍വി സമ്മാനിച്ചത് രോഹിത് ശര്‍മയുടെ ബാറ്റിങ്ങും ജസ്പ്രീത് ഭുംറയുടെ ബൗളിങ്ങും മാത്രമല്ല, അമ്പയറുടെ ഒരു നോട്ടപ്പിശക് കൂടിയാണ്.

മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗ എറിഞ്ഞ ഇന്നിങ്‌സിലെ അവസാന പന്ത് നോബോളാണെന്ന് റീപ്ലേയില്‍ പലവട്ടം കണ്ടെങ്കിലും അത് അമ്പയര്‍ എസ്.രവിയുടെ കണ്ണില്‍ പെട്ടില്ല. മലിംഗ അവസാന പന്തെറിയാന്‍ എത്തുമ്പോള്‍ ആര്‍.സി.ബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സാണ്. ടൈയ്ക്ക് ആറും. എന്നാല്‍, മലിംഗയുടെ ഫുള്‍ടോസിനെ നേരിട്ട ദുബെയ്ക്ക് റണ്ണെടുക്കാന്‍ കഴിയാതെ വന്നതോടെ ആര്‍.സി.ബിക്ക് ആറു റണ്‍ തോല്‍വി വഴങ്ങേണ്ടിവന്നു.

malinga

അവസാന പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഒരു എക്‌സ്ട്രാ റണ്ണും ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു. 41 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് ഉജ്വല ഫോമില്‍ മറുഭാഗത്ത് നില്‍ക്കുന്ന എ ബി ഡിവില്ല്യേഴ്‌സിന് സ്‌ട്രൈക്കും ലഭിക്കുമായിരുന്നു. ജയം അസാധ്യമല്ലെന്നു സാരം.

അമ്പയറുടെ ഈ നോട്ടപ്പിശകിനെതിരേ രൂക്ഷമായി തന്നെ പ്രതികരിച്ചു രംഗത്തുവന്നിരിക്കുകയാണ് ആര്‍.സി.ബി നായകന്‍ വിരാട് കോലി. നമ്മള്‍ കളിക്കുന്നത് ഐ.പി.എല്‍ ക്രിക്കറ്റാണ്. അല്ലാതെ ക്ലബ് ക്രിക്കറ്റല്ല. അവസാന പന്തിലെ തീരുമാനം ശരിക്കും പരിഹാസ്യമായിരുന്നു. അമ്പയര്‍മാര്‍ കണ്ണു തുറന്നുവേണം നില്‍ക്കാന്‍. അത് തീര്‍ച്ചയായും ഒരു നോബോളായിരുന്നു. ആ തീരുമാനമാണ് മത്സരഫലം പാടെ മാറ്റിമറിച്ചത്. അവര്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്-കോലി മത്സരശേഷം വാക്കുകള്‍ മയപ്പെടുത്താതെ തന്നെ പറഞ്ഞു.

ടീമിനെ വിജയിപ്പിക്കാനായെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും അമ്പയറുടെ ഈ വീഴ്ചയില്‍ അസംതൃപ്തനായിരുന്നു. ഇത്തരം പിഴവുകള്‍ ക്രിക്കറ്റിന് നല്ലതല്ല. ഇതിന് മുന്‍പ ഭുംറ എറിഞ്ഞ ഒരു പന്ത് വൈഡ് വിളിച്ചു. എന്നാല്‍ അത് ശരിക്കും വൈഡായിരുന്നില്ല. കളിക്കാര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല. ഇതിന് എന്താണ് പരിഹാരം എന്നെനിക്ക് അറിയില്ല. ഇക്കാര്യത്തില്‍ ഐ.സി.സി.യും ബി.സി.സി.ഐ.യും എന്തെങ്കിലും ചെയ്‌തേ പറ്റൂ-രോഹിത് ശര്‍മ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ആര്‍.സി.ബിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ട് മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ജയമായിരുന്നു ഇത്. ആര്‍.സി.ബി കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് ഏഴാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ് അഞ്ചാമതാണ്.

Content Highlights: Malinga Virat Kohli Rohit IPL RCB Mumbai Indians No Ball Controversy Umpire