കൊല്‍ക്കത്ത: ഐ.പി.എല്‍ മിക്കപ്പോഴും ബാറ്റ്‌സ്മാന്‍മാരുടെ മത്സരമാണ്. ബൗളര്‍മാര്‍ക്ക് യാതൊരു റോളുമുണ്ടാകില്ല. ചില ബൗളര്‍മാര്‍ ഡെത്ത് ഓവറുകളില്‍ തല്ല് വാങ്ങിക്കൂട്ടുകയും ചെയ്യു. ഇതെല്ലാം ഐ.പി.എല്ലിനെ സംബന്ധിച്ച് സാധാരണ കാര്യമാണ്.

എന്നാല്‍ ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ കുല്‍ദീപ് യാദവിന് സങ്കടം സഹിക്കാനായില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുല്‍ദീപ് യാദവ് പൊട്ടിക്കരഞ്ഞത്.

കുല്‍ദീപിന്റെ അവസാന ഓവറില്‍ മോയിന്‍ അലി മൂന്നു സിക്‌സും രണ്ട് ഫോറും അടിക്കുകയായിരുന്നു. ആ ഓവറില്‍ കൊല്‍ക്കത്ത സ്പിന്നര്‍ 27 റണ്‍സ് വഴങ്ങി. അതോടൊപ്പം അവസാന പന്തില്‍ മോയിന്‍ അലിയെ പുറത്താക്കുകയും ചെയ്തു. 

കുല്‍ദീപിന് കരച്ചിലടക്കാനാകാതിരുന്നതോടെ സഹതാരം നിധീഷ് റാണ ആശ്വസിപ്പിക്കാനെത്തി. വെള്ളം കൊടുത്ത് കുടിക്കാന്‍ പറഞ്ഞ് തോളില്‍ തട്ടി നിധീഷ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഈ സീസണില്‍ ഒമ്പത് മത്സരം കളിച്ച കുല്‍ദീപിന് 71.50 ശരാശരിയില്‍ നാല് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 

Content Highlights: Kuldeep Yadav breaks down after Moeen Ali onslaught at Eden Gardens IPL 2019