മൊഹാലി: ഇന്ത്യക്കായി ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കെ.എല്‍ രാഹുല്‍ ഐ.പി.എല്ലിലൂടെ ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് രാഹുല്‍. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നിന്ന് 54.91 ശരാശരിയില്‍ 659 റണ്‍സ് രാഹുല്‍ അടിച്ചെടുത്തു.

2013-ല്‍ ഹോം ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം ഐ.പി.എല്‍ കളിക്കാന്‍ തുടങ്ങിയ രാഹുല്‍ പിന്നീട് അടുത്ത രണ്ട് സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിലായിരുന്നു. തുടര്‍ന്ന് 2016-ല്‍ താരം ബാംഗ്ലൂരില്‍ തിരിച്ചെത്തി. അന്ന് ബാംഗ്ലൂരില്‍ തിരിച്ചെത്തിയപ്പോഴുള്ള സ്വീകരണത്തെ കുറിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ മനസ്സുതുറന്നു.

'കരാര്‍ രേഖയില്‍ ഒപ്പിടാനായാണ് ഞാന്‍ പോയത്. അവിടെ ടീം മാനേജര്‍ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു എന്റെ ധാരണ. ഞാന്‍ വളരെ കൂളായി റൂമിലേക്ക് കയറിച്ചെന്നു. അപ്പോള്‍ അവിടെ വിരാട് കോലിയടക്കമുള്ള ടീം അംഗങ്ങളുണ്ടായിരുന്നു. അവര്‍ ടീം മീറ്റിങ്ങിലായിരുന്നു. ഞാന്‍ അവിടെ ഇരുന്ന് മുപ്പതോളം പേജുള്ള കരാര്‍ രേഖ വായിച്ച് ഒപ്പിട്ടുനല്‍കി. എന്നിട്ട് തിരിച്ചുപോരാന്‍ ഒരുങ്ങിയതാണ്. ആ സമയത്ത് കോലി എന്റെ അരികില്‍ വന്നു. ആ നിമിഷം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ തോളില്‍ കൈയിട്ട് കോലി എന്നെ ടീമിലേക്ക് സ്വാഗതം ചെയ്തു. നമ്മള്‍ അടിച്ചുപൊളിക്കാന്‍ പോകുകയാണെന്നും പറഞ്ഞു. ആ നിമിഷം ഒരിക്കലും മറക്കാനാകില്ല.' രാഹുല്‍ പറയുന്നു. 

Content Highlights: KL Rahul remembers how RCB captain Virat Kohli had received him in team in 2016