മൊഹാലി: പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കിങ്‌സ്‌ ഇലവന്‍ പഞ്ചാബിനെ കൊല്‍ക്കത്ത ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. 184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 12 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്ത് എത്തുകയായിരുന്നു. ഇതോടെ കൊല്‍ക്കത്തക്ക് 13 മത്സരങ്ങളില്‍ 12 പോയിന്റായി. 

ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും ക്രിസ് ലിന്നും പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും സഹിതം ലിന്‍ 46 റണ്‍സ് അടിച്ചു. 49 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്‍ കൊല്‍ക്കയുടെ വിജയം വരെ ക്രീസില്‍ തുടര്‍ന്നു. ഒപ്പം ഒമ്പത് പന്തില്‍ 21 റണ്‍സ് അടിച്ച ദിനേശ് കാര്‍ക്കിതിന്റെ പ്രകടനവും നിര്‍ണായകമായി. ഉത്തപ്പ 22 റണ്‍സിനും റസ്സല്‍ 24 റണ്‍സെടുത്തും പുറത്തായി. 

മുഹമ്മദ് ഷമി, അശ്വിന്‍, ടൈ എന്നിവര്‍ പഞ്ചാബിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. 13 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് പഞ്ചാബിന്റെ അക്കൗണ്ടിലുള്ളത്. ചെന്നൈ, മുംബൈ, ഡല്‍ഹി ടീമുകള്‍ നേരത്തെ പ്ലേ ഓഫിലെത്തിയതാണ്. 

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറുവിക്കറ്റിന് 183 റണ്‍ അടിച്ചു. സാം കറന്‍ (24 പന്തില്‍ 55), നിക്കോളാസ് പൂരന്‍ (27 പന്തില്‍ 48), മായങ്ക് അഗര്‍വാള്‍ (26 പന്തില്‍ 36) എന്നിവരാണ് 183 റണ്ണില്‍ എത്തിച്ചത്. അവസാന നാലുപന്തില്‍ സാം കറന്‍ മൂന്നു ഫോറും ഒരു സിക്‌സും കണ്ടെത്തിയപ്പോള്‍ അവസാന ഓവറില്‍ 22 റണ്‍ പിറന്നു. കൊല്‍ക്കത്തയ്ക്കുവേണ്ടി മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ രണ്ടുവിക്കറ്റെടുത്തു.

പഞ്ചാബിന്റെ ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (2), ക്രിസ് ഗെയ്ല്‍ (14) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇരുവരെയും മടക്കിയത് സന്ദീപ് വാര്യര്‍. ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ മുന്‍നിരയിലുള്ള ലോകേഷ് രാഹുല്‍ ഏഴുപന്തില്‍ രണ്ടു റണ്‍ മാത്രമാണെടുത്തത്. 14 പന്തിലാണ് ഗെയ്ല്‍ 14 റണ്‍ എടുത്തത്. ഇതില്‍ രണ്ട് ബൗണ്ടറിയുമുണ്ട്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്ല്‍ പുറത്താകുമ്പോള്‍ 22 റണ്‍ മാത്രമായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍.

മൂന്നാം വിക്കറ്റില്‍ നിക്കോളാസ് പൂരനും മായങ്ക് അഗര്‍വാളും ഒത്തുചേര്‍ന്നതോടെ റണ്‍നിരക്ക് കുതിച്ചു. മായങ്ക് നല്‍കിയ പിന്തുണയില്‍ പൂരന്‍ കുതിച്ചു. 26 പന്ത് നേരിട്ട മായങ്ക് രണ്ട് ബൗണ്ടറിയും ഒരു സിക്‌സും അടത്തം 36 റണ്‍ എടുത്തുനില്‍ക്കേ റണ്ണൗട്ടാവുകയായിരുന്നു. പൂരന്‍- മായങ്ക് സഖ്യം 40 പന്തില്‍ 67 റണ്‍ അടിച്ചു. പൂരന്‍, 27 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും പറത്തി. നിതീഷ് റാണയുടെ പന്തില്‍ ബൗണ്ടറി ലൈനില്‍ സന്ദീപ് വാര്യര്‍ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. മായങ്ക് മടങ്ങിയപ്പോള്‍ ക്രീസിലെത്തിയ മന്‍ദീപ് സിങ്ങും (17 പന്തില്‍ 25) മോശമാക്കിയില്ല.

മന്‍ദീപും അശ്വിനും (0) പെട്ടെന്ന് മടങ്ങിയപ്പോള്‍ സ്‌കോറിങ് വേഗം കുറഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ യുവതാരം സാം കറന്‍ അത് പരിഹരിച്ചു. കറന്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും അടിച്ചു. അവസാന അഞ്ച് ഓവറില്‍ പഞ്ചാബ് 58 റണ്‍ അടിച്ചു. 

Content Highlights: Kings XI Punjab vs  Kolkata Knight Riders IPL 2019