ന്യൂഡല്‍ഹി: പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും താരങ്ങളുടെ പരിക്ക് ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയാകുന്നു. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങി. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇനി റബാഡയുടെ സേവനം ടീമിന് ലഭിക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

നിലവില്‍ ഇരുപത്തിയഞ്ച് വിക്കറ്റ് സ്വന്തമാക്കി പര്‍പ്പിള്‍ ക്യാപ് കൈവശംവയ്ക്കുന്ന റബാഡയ്ക്ക് കഴുത്ത് വേദനയാണ് വിനയായത്. ഈ വേദനയും വച്ചാണ് റബാഡ കഴിഞ്ഞ ഏതാനും മത്സരങ്ങള്‍ കളിച്ചത്. ലോകകപ്പ് മുന്നില്‍ കണ്ട് ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

ടൂര്‍ണമെന്റിന്റെ ഈ ഘട്ടത്തില്‍ ടീമിനെ വിട്ടുപിരിയേണ്ടിവരുന്നത് സങ്കടകരമായ കാര്യമാണ്. എങ്കിലും ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ എല്ലാവരും ചേര്‍ന്ന് എനിക്കുവേണ്ടി കൂട്ടായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഫീല്‍ഡിലും പുറത്തും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം അവിസ്മരണീയമായ ഒരു സീസണായിരുന്നു എനിക്ക്. ടീമിന് ചാമ്പ്യന്മാരാകാം എന്നു തന്നെയാണ് എന്റെ വിശ്വാസം'-റബാഡ പറഞ്ഞു.

ഈ ഘട്ടത്തില്‍ റബാഡ മടങ്ങുന്നത് ടീമിന് വലിയ തിരിച്ചടിയാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ് പറഞ്ഞു. ടീമംഗങ്ങള്‍ ഓരോരുത്തരും ഈ സാഹചര്യത്തില്‍ അവസരത്തിന് ഒത്തുയരുമെന്നാണ് എന്റെ വിശ്വാസം-പോണ്ടിങ് പറഞ്ഞു.

Content Highlights: Kagiso Rabada out of IPL with back niggle Delhi Capitals South Africa World Cup Cricket