.പി.എല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവമായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍.അശ്വിന്റെ മങ്കാദിങ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. നിയമപരമായി അശ്വിന്‍ ചെയ്തതില്‍ തെറ്റില്ലെങ്കിലും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതായിരുന്നു അശ്വിന്റെ ആ മങ്കാദിങ് എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. ഔട്ടാക്കാന്‍ വേണ്ടി മാത്രം അല്‍പം പോസ് ചെയ്ത് ബട്‌ലറെ ക്രീസില്‍ നിന്ന് അശ്വിന്‍ പുറത്തിറക്കുകയിരുന്നു. മുന്‍താരങ്ങളും അശ്വിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ജോസ് ബട്‌ലര്‍ തന്നെ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇംഗ്ലീഷ് താരം തന്റെ മനസ്സുതുറന്നത്. 

അശ്വിന്റെ ആ മങ്കാദിങ് തന്നെ നിരാശപ്പെടുത്തിയെന്നും ഇത് ക്രിക്കറ്റില്‍ സാധാരാണയായി സംഭവിക്കാത്ത കാര്യമാണെന്നും ബട്‌ലര്‍ വ്യക്തമാക്കി. ഇതിന് മുമ്പും ഞാന്‍ ഇത്തരത്തില്‍ ഔട്ടായിട്ടുണ്ട്. ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാനാകും എന്റെ ശ്രമം. ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

പുറത്തായ ആ നിമിഷം അശ്വിനോട് ദേഷ്യപ്പെട്ടൊന്നുമില്ല. ഈ കളി ഇതുപോലെ കളിക്കാനാണോ ആഗ്രഹം എന്ന് ചോദിച്ചു. ഇത് ശരിയായ നടപടിയാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ എന്നും വിചാരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അതിലൊരു തെറ്റുമുണ്ടായിരുന്നില്ല.

ഈ സംഭവത്തിന് ശേഷം അശ്വിന്റെ സ്വീകാര്യത നഷ്ടപ്പെട്ടോ എന്ന് എനിക്കറിയില്ല. അതു പറയാന്‍ ഞാന്‍ ആളുമല്ല. ബട്‌ലര്‍ വ്യക്തമാക്കുന്നു. 

അതിനു ശേഷം ഞാന്‍ ആ വീഡിയോ കണ്ടു. റണ്‍ അപ്പിന്‌ ശേഷം അശ്വിന്‍ പോസ് ചെയ്യുന്നുണ്ട്. ആ സമയത്താണ് എന്നെ പുറത്താക്കുന്നത്. അത് വീഡിയോയില്‍ കാണാനാകും. ഇനി അതിനെക്കുറിച്ച് ഒന്നും സംസാരിക്കേണ്ട. ഞാന്‍ അതില്‍ നിന്നെല്ലാം എപ്പോഴോ പുറത്തുകടന്നു. ബട്‌ലര്‍ അഭിമുഖത്തില്‍ പറയുന്നു.

Content Highlights: Jos Buttler on Ashwin's Mankading IPL 2019