മുംബൈ: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബൗളര്‍ ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് മുംബൈ ഇന്ത്യന്‍സ്. 

ബുംറയുടെ പരിക്ക് ഭേദമാകുകയാണെന്നും ഇക്കാരണത്താല്‍ തന്നെ അടുത്ത മത്സരത്തിനായി ബെംഗളൂരുവിലേക്കുള്ള ടീമിന്റെ യാത്ര നീട്ടിവച്ചതായും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് അറിയിച്ചു. മാര്‍ച്ച് 28-ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമായാണ് മുംബൈയുടെ അടുത്ത മത്സരം. 

തിങ്കളാഴ്ച ബുംറയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ചൊവ്വാഴ്ച താരം ടീമിനൊപ്പം ചേരുമെന്നും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ഡല്‍ഹി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ഋഷഭ് പന്തിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ബുംറ ഇടതു തോള്‍ പിടിച്ച് ഗ്രൗണ്ടില്‍ കിടന്നു. മത്സരത്തില്‍ താരം ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. 

ലോകകപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെ ബുംറയുടെ ഈ അപ്രതീക്ഷിത പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുംബൈ മാനേജ്മെന്റ് അറിയിച്ചിരുന്നു.

Content Highlights: jasprit bumrah s injury update pacers recovery on track mumbai indians