മുംബൈ: ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്സ്മാന് എബി ഡിവില്ലിയേഴ്സ്. ഐ.പി.എല്ലില്‍ ഡിവില്ലിയേഴ്സിന്റെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ആവേശ വിജയം സമ്മാനിച്ചത് ബുംറയുടെ ഡെത്ത് ഓവറിലെ ബൗളിങ്ങായിരുന്നു. ഈ ബൗളിങ്ങിനെയാണ് ഡിവില്ലിയേഴ്സ് പ്രശംസിച്ചത്.
സമ്മര്‍ദ്ദ ഘട്ടത്തില്‍ ബുംറ പരിഭ്രമിച്ചില്ലെന്നും തന്റെ പ്ലാനുകളില്‍ ഉറച്ചുനിന്നെന്നും ഡിവില്ലിയേഴ്സ് പറയുന്നു. ഏഴ് വിക്കറ്റ് കൈയിലിരിക്കെ അവസാന അഞ്ച് ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 61 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മലിംഗ എറിഞ്ഞ 16-ാം ഓവര്‍ മുതലെടുത്ത ബാംഗ്ലൂര്‍ 16 റണ്‍സ് നേടി. ഇതോടെ ബുംറയില്‍ സമ്മര്ദ്ദമുണ്ടാകേണ്ടതാണ്. എന്നാല്‍ ഒട്ടും പതറാതെ ബുംറ തന്റെ പ്ലാനുകള്‍ നടപ്പിലാക്കി. അയാള്‍ക്ക് അതിന് പ്രത്യേക കഴിവുണ്ട്. ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.
ഐ.സി.സിയുടെ പുതിയ ഏകദിന റാങ്കിങ് നോക്കുക. അതില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് ബുംറ. ആ കണക്കുകള്‍ കള്ളമല്ലെന്ന് ബുംറ തെളിയിച്ചു. അവസാന ഓവറുകള്‍ എനിക്ക് അപരിചിതമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു ഐ.പി.എല്‍ മത്സരത്തില്‍ അവസാന ഓവറുകളില്‍ ഞാന്‍ ഔട്ടാകാതെ നില്‍ക്കുന്നത് ആദ്യമായാണ്, അതും തോറ്റ ടീമംഗമായി. ഡിവില്ലിയേഴ്സ് പറയുന്നു.
41 പന്തില്‍ നിന്ന് പുറത്താകാതെ 70 റണ്‍സാണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്. ഡെത്ത് ഓവറുകളില്‍ മികച്ച സ്പെല്‍ പുറത്തെടുത്ത ബുംറയാകട്ടെ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: Jasprit Bumrah doesn't panic says AB de Villiers IPL 2019