മുംബൈ: ഐ.പി.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. അവിശ്വസനീയമായ വിധം തകര്‍ത്തടിച്ച ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ മികവിലാണ് മുംബൈ വിജയം കൊയ്തത്. അവസാന പന്തില്‍ രണ്ടു റണ്‍സ് നേടിയ അല്‍സാരി ജോസഫ് മുംബൈയെ വിജയത്തിലെത്തിച്ചു.

31 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് 10 സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 83 റണ്‍സെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ആ ഓവറില്‍ ഒരു സിക്‌സും ബൗണ്ടറിയും നേടിയ ശേഷമാണ് പൊള്ളാല്‍ഡ് പുറത്താകുന്നത്. 13 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ജോസഫ് പുറത്താകാതെ നിന്നു.

198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് സ്‌കോര്‍ 28-ല്‍ എത്തിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ സിദ്ദേഷ് ലാഡിനെ നഷ്ടമായി. 13 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമായിരുന്നു ലാഡിന്റെ സമ്പാദ്യം. മികച്ച തുടക്കം ലഭിച്ച സൂര്യകുമാര്‍ യാദവിന് പക്ഷേ മുംബൈ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യാദവിനെ സാം കറനാണ് പുറത്താക്കിയത്. ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 24 റണ്‍സുമായി ഡികോക്കും മടങ്ങി. ഇഷാന്‍ കിഷനും (7) കാര്യമായ സംഭാവന നല്‍കാനായില്ല.

അതിനു ശേഷം പൊളളാര്‍ഡിനൊപ്പം ചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ സ്‌കോര്‍ 135-ല്‍ എത്തിച്ചു. 19 റണ്‍സെടുത്ത പാണ്ഡ്യയെ പുറത്താക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ക്രുനാല്‍ പാണ്ഡ്യ (1) വന്നപാടേ മടങ്ങി. 

പഞ്ചാബിനായി മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. 

ipl

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ലോകേഷ് രാഹുലിന്റെ സെഞ്ചുറി മികവിലാണ് നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തത്. 63 പന്തിലാണ് രാഹുല്‍ തന്റെ ആദ്യ ഐ.പി.എല്‍ സെഞ്ചുറി കുറിച്ചത്. 64 പന്തില്‍ ആറു വീതം സിക്സും ബൗണ്ടറിയുമായി 100 റണ്‍സെടുത്ത രാഹുല്‍ പുറത്താകാതെ നിന്നു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ തീരുമാനം തെറ്റിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പഞ്ചാബിന്റെ തുടക്കം. ഓപ്പണിങ് വിക്കറ്റില്‍ തന്നെ തകര്‍ത്തടിച്ച ക്രിസ് ഗെയില്‍ - കെ.എല്‍ രാഹുല്‍ സഖ്യം 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. പവര്‍പ്ലേ ഓവറുകള്‍ ഇരുവരും ശരിക്ക് അടിച്ചു തകര്‍ത്തു. കൂട്ടത്തില്‍ ഗെയിലായിരുന്നു കൂടുതല്‍ അപകടകാരി. 

വെറും 36 പന്തില്‍ നിന്ന് ഏഴു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 63 റണ്‍സെടുത്ത ഗെയിലിനെ പുറത്താക്കി ജേസണ്‍ ബെഹറന്‍ഡോര്‍ഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ഏഴു റണ്‍സുമായി വമ്പനടിക്കാരന്‍ ഡേവിഡ് മില്ലെറും മടങ്ങി. വമ്പനടികള്‍ക്ക് പേരുകേട്ട മില്ലെര്‍ക്ക് ഈ സീസണില്‍ ഇതുവരെ പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. കരുണ്‍ നായര്‍ (5), സാം കറന്‍ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പേശീവലിവ് കാരണം രോഹിത് ശര്‍മ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാലാണ് പൊള്ളാര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.

Content Highlights: IPL Mumbai Indians Kings Eleven Punjab