ഹൈദരാബാദ്: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 45 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സണ്‍റൈസേഴ്‌സ്. 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

56 പന്തില്‍ 79 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍ രാഹുലിന് അല്ലാതെ മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. മായങ്ക് അഗര്‍വാള്‍ 27 റണ്‍സെടുത്തു. ക്രിസ് ഗെയ്ല്‍ നാല് റണ്‍സുമായി ക്രീസ് വിട്ടു. ഡേവിഡ് മില്ലര്‍ക്കും അശ്വിനും കാര്യമായി ഒന്നും ചെയ്യാനായില്ല. വിജയത്തോടെ 12 മത്സരങ്ങളില്‍ 12 പോയിന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി. 

ഹൈദാരാബാദിനായി ഖലീല്‍ അഹമ്മദും റാഷിദ് ഖാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ ഖലീല്‍ 40 റണ്‍സ് വഴങ്ങിയപ്പോള്‍ റാഷിദ് 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സന്ദീപ് ശര്‍മ്മ രണ്ടു വിക്കറ്റെടുത്തു. 

David Warner
Photo Courtesy: IPL 2019

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. 81 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മികവിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ഈ സീസണിലെ തന്റെ അവസാന മത്സരത്തില്‍ വാര്‍ണര്‍ കത്തിക്കയറുകയായിരുന്നു. 

56 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്‌സ്. വൃദ്ധിമാന്‍ സാഹ 13 പന്തില്‍ 28 റണ്‍സ് അടിച്ചു. ഇരുവരും 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മനീഷ് പാണ്ഡെ 25 പന്തില്‍ 36 റണ്‍സ് അടിച്ചപ്പോള്‍ 10 പന്തില്‍ 20 റണ്‍സായിരുന്നു മുഹമ്മദ് നബിയുടെ സമ്പാദ്യം. കെയ്ന്‍ വില്ല്യംസണ്‍ 14 റണ്‍സിനും റാഷിദ് ഖാന്‍ ഒരു റണ്ണിനും പുറത്തായി.

പഞ്ചാബിനായി മുഹമ്മദ് ഷമിയും ആര്‍.അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. ആകാശ്ദീപ് സിങ്ങും മുരുകേശ് അശ്വിനും ഓരോ വിക്കറ്റെടുത്തു

Content Highlights: IPL 209 Sun Risers Hyderabad vs Kings XI Punjab