ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രണ്ട് ലോകകിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ ധോനി, ഇക്കാലത്തെ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം വിരാട് കോലി. ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ കോലിയും കോലിക്കുകീഴില്‍ ധോനിയും ഒരേ ലക്ഷ്യത്തോടെ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ശനിയാഴ്ച ധോനിയും കോലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരുവര്‍ക്കും രണ്ടു ലക്ഷ്യം, രണ്ടു ടീം. രാത്രി എട്ടുമുതല്‍ ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

നിലനിര്‍ത്താന്‍ ചെന്നൈ

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഒമ്പതുവട്ടം ടൂര്‍ണമെന്റില്‍ കളിച്ചപ്പോള്‍ മൂന്നുതവണ കിരീടമുയര്‍ത്തി. നാലു സീസണില്‍ റണ്ണറപ്പായി. ഒത്തുകളി വിവാദത്തില്‍പ്പെട്ട് രണ്ടുവര്‍ഷം (2016, 17) ടൂര്‍ണമെന്റില്‍നിന്ന് വിലക്കപ്പെട്ടെങ്കിലും കഴിഞ്ഞവര്‍ഷം തിരിച്ചെത്തി കിരീടം നേടി.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സാകട്ടെ, 11 തവണ കളിച്ചു. ഒരിക്കല്‍പ്പോലും കിരീടം നേടാനായില്ല. മൂന്നുതവണ റണ്ണറപ്പായതുമാത്രമാണ് ആശ്വാസം. ആദ്യ സീസണ്‍ മുതല്‍ ബാംഗ്ലൂര്‍ ടീമില്‍ കോലിയുണ്ട്. ചെന്നൈക്കൊപ്പം ധോനിയും തുടക്കംതൊട്ടുണ്ട്.

2010, 11 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കിരീടം നേടിയ ചെന്നൈ, ഒരിക്കല്‍ക്കൂടി കിരീടം ആവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ബാംഗ്ലൂരാകട്ടെ കോലിയുടെ അപാരഫോമിന്റെ ബലത്തില്‍ ഇക്കുറിയെങ്കിലും കിരീടം നേടാനുള്ള ആഗ്രഹത്തിലും. ടീമുകള്‍ 23 തവണ നേര്‍ക്കുനേര്‍വന്നപ്പോള്‍ 15 മത്സരങ്ങളില്‍ ചെന്നൈ ജയിച്ചു.

പ്രായംനമ്മില്‍ മോഹംനല്‍കി

ഐ.പി.എല്ലിലെ പ്രായംകൂടിയ ടീമാണ് ചെന്നൈ. മുന്‍നിര താരങ്ങളായ ധോനി (37), ഷെയ്ന്‍ വാട്സണ്‍ (37), സുരേഷ് റെയ്ന (32), അമ്പാട്ടി റായുഡു (33), ഇമ്രാന്‍ താഹിര്‍ (39), ഡ്വെയ്ന്‍ ബ്രാവോ (35), ഡുപ്ലെസി (34) എന്നിവര്‍ മുപ്പതുകഴിഞ്ഞവര്‍. എന്നാല്‍, കഴിഞ്ഞവര്‍ഷം ഏറക്കുറെ ഇതേ ടീമിനെക്കൊണ്ടാണ് ധോനി കിരീടമുയര്‍ത്തിയത്.

ബാംഗ്ലൂരിലാകട്ടെ, ഡിവില്ലിയേഴ്സ്, കോലി, മോയിന്‍ അലി, ടീം സൗത്തി, ഉമേഷ് യാദവ് തുടങ്ങിയ പരിചയസമ്പന്നര്‍ക്കൊപ്പം ഹെറ്റ്മെയര്‍, ചാഹല്‍, ഹെന്റിക് കാള്‍സന്‍ തുടങ്ങിയ യുവനിരയുമുണ്ട്.

സ്പിന്‍ തുണ

ചെന്നൈയിലെ പിച്ചില്‍ രണ്ടാമത് ബാറ്റു ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതുന്നു. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Content Highlights: IPL 2019 Virat Kohli, AB de Villiers as RCB seek to end 5-year drought vs CSK