ബെംഗളൂരു: ഐ.പി.എല്‍ ഈ സീസണിന് വിജയത്തോടെ തിരശ്ശീലയിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് പന്ത് ബാക്കിനില്‍ക്കെ നാല് വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ഇതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ്‌ ത്രിശങ്കുവിലായി. മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരഫലം അടിസ്ഥാനമാക്കിയാകും ഇനി ഹൈദരാബാദിന്റെ ഭാവി.

ഫോമിലേക്ക് തിരിച്ചെത്തിയ ഹെറ്റ്‌മെയറാണ് ബാംഗ്ലൂരിന് വിജയമൊരുക്കിയത്. 47 പന്തില്‍ നാല് ഫോറും ആറു സിക്‌സും സഹിതം ഹെറ്റ്‌മെയര്‍ 75 റണ്‍സ് അടിച്ചു. 48 പന്തില്‍ 65 റണ്‍സുമായി ഗുര്‍കീറത് സിങ്ങ് ഹെറ്റ്‌മെയറിന് പിന്തുണ നല്‍കി. വിരാട് കോലി 16 റണ്‍സിനും ഡിവില്ലിയേഴ്‌സ് ഒരു റണ്ണെടുത്തും പുറത്തായി. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ബാംഗ്ലൂരിന് 176 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. നന്നായിത്തുടങ്ങിയ ഹൈദരാബാദ് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് മധ്യ ഓവറുകളില്‍ തകര്‍ന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ (43 പന്തില്‍ 70 നോട്ടൗട്ട്) ഇന്നിങ്സാണ് 175 റണ്‍സിലെത്തിച്ചത്. വില്യംസണ്‍ അഞ്ചു ഫോറും നാലു സിക്‌സും പറത്തി. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സെടുത്തു.

ഹൈദരാബാദിന് മുന്‍നിരയില്‍ വാര്‍ണറും ബെയര്‍സ്റ്റോയുമില്ലാത്തതിന്റെ ക്ഷീണം അനുഭവപ്പെട്ടില്ല. വൃദ്ധിമാന്‍ സാഹ (11 പന്തില്‍ 20), മാര്‍ട്ടിന്‍ ഗപ്ടില്‍ (23 പന്തില്‍ 30) എന്നിവര്‍ ചേര്‍ന്ന് നല്ല തുടക്കം നല്‍കി. അഞ്ചാം ഓവറില്‍ സാഹ മടങ്ങുമ്പോള്‍ 46 റണ്‍സിലെത്തിയിരുന്നു. എന്നാല്‍, മനീഷ് പാണ്ഡെ (9), വിജയ് ശങ്കര്‍ (27), യൂസഫ് പഠാന്‍ (3) തുടങ്ങിയവര്‍ മടങ്ങിയതോടെ ഇന്നിങ്സിന് വേഗം കുറഞ്ഞു. ബാംഗ്ലൂരിനുവേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ 24 റണ്‍സിന് മൂന്നുവിക്കറ്റെടുത്തു. ഉമേഷ് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി.

Content Highlights: IPL 2019 Sunrisers Hyderabad vs Royal Challengers Bangalore