ഹൈദരാബാദ്: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് 40 റണ്‍സ് ജയം. 

137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനെ മുംബൈ 17.4 ഓവറില്‍ 96 റണ്‍സിന് എറിഞ്ഞിട്ടു. ആദ്യ മത്സരത്തില്‍ തന്നെ 3.4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ അല്‍സാരി ജോസഫാണ് ഹൈദരാബാദിനെ തകര്‍ത്തത്. മലിംഗയ്ക്ക് പകരമാണ് ജോസഫ് ടീമിലെത്തിയത്. 

മികച്ച ബൗളിങ്ങിലൂടെ മുംബൈ ബൗളര്‍മാര്‍ ഹൈദരാബാദ് ബാറ്റിങ്‌നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 33 റണ്‍സിനിടെ വമ്പനടിക്കാരായ ഡേവിഡ് വാര്‍ണറെയും (15) ജോണി ബെയര്‍സ്‌റ്റോവിനെയും (16) മുംബൈ മടക്കി. പിന്നീട് ക്രീസിലെത്തിയവര്‍ക്ക് ആര്‍ക്കും മുംബൈ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 

വിജയ് ശങ്കര്‍ (5), മനീഷ് പാണ്ഡെ (16), ദീപക് ഹൂഡ (20) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. യൂസഫ് പത്താന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 

IPL 2019 sunrisers hyderabad vs mumbai indians

മുംബൈ ഇന്നിങ്‌സില്‍ 26 പന്തുകളില്‍ നിന്ന് നാലു സിക്സും രണ്ടു ബൗണ്ടറികളുമടക്കം 46 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സ് എത്രത്തോളം നിര്‍ണായകമായെന്ന് തെളിഞ്ഞത് മത്സരം അവസാനിച്ചപ്പോഴായിരുന്നു. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടാണ് മുംബൈ സ്‌കോര്‍ 136-ല്‍ എത്തിച്ചത്. 

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, മുംബൈയെ നിശ്ചിത 20 ഓവറില്‍ ഏഴിന് 136 ഒതുക്കിയിരുന്നു. 

IPL 2019 sunrisers hyderabad vs mumbai indians

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മുഹമ്മദ് നബി ഹൈദരാബാദിനായി തിളങ്ങി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറും സിദ്ധാര്‍ഥ് കൗളും മാത്രമാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ ധാരാളിത്തം കാട്ടിയത്. 

രോഹിത് ശര്‍മ (11), ഡിക്കോക്ക് (19) വമ്പനടിക്കാരായ സൂര്യകുമാര്‍ യാദവ് (7), ക്രുനാല്‍ പാണ്ഡ്യ (6), ഹാര്‍ദിക് പാണ്ഡ്യ (14) എന്നിവര്‍ക്കൊന്നും ഹൈദരാബാദ് ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഹൈദരാബാദ് ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും മുംബൈ ഇന്നിങ്സില്‍ നിര്‍ണായകമായി.

Content Highlights: IPL 2019 sunrisers hyderabad vs mumbai indians