ഹൈദരാബാദ്: ചെന്നൈയുടെ തുടര്‍ച്ചയായ വിജയത്തിന് വിരാമമിട്ട് സണ്‍റൈസ്‌ഴേസ് ഹൈദരാബാദ്. ആറു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. 133 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 19 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. ഓപ്പണിങ് കൂട്ടുകെട്ടായ ഡേവിഡ് വാര്‍ണറുടേയും ബെയര്‍‌സ്റ്റോവിന്റേയും പ്രകടനം ഹൈദരാബാദിന്റെ വിജയം അനായാസമാക്കുകയായിരുന്നു. 

ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണര്‍ 25 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 50 റണ്‍സ് അടിച്ചപ്പോള്‍ 44 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 61 റണ്‍സായിരുന്നു ബെയര്‍‌സ്റ്റോവിന്റെ സംഭാവന. കെയ്ന്‍ വില്ല്യംസണ്‍ മൂന്നു റണ്‍സിനും വിജയ് ശങ്കര്‍ ഏഴു റണ്‍സെടുത്തും പുറത്തായി. ദീപക് ഹൂഡയുടെ സമ്പാദ്യം 13 റണ്‍സാണ്. ചെന്നൈയ്ക്കായി ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടിനു ശേഷം ചെന്നൈ തകരുകയായിരുന്നു. ഷെയ്ന്‍ വാട്ട്സണും ഡുപ്ലെസിസും ചേര്‍ന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 59 പന്തില്‍ നിന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത വാട്ട്സണെ മടക്കി നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഡുപ്ലെസിസിനെ വിജയ് ശങ്കര്‍ മടക്കി. 31 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ബൗണ്ടറിയുമായി 45 റണ്‍സായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം. 

IPL 2019 sunrisers hyderabad vs chennai super kings
Photo Courtesy: IPL 2019

20 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈ പ്രതിരോധത്തിലായി. ധോനിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ചെന്നൈയെ നയിച്ച സുരേഷ് റെയ്ന (13), കേദാര്‍ ജാദവ് (1), സാം ബില്ലിങ്സ് (0) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 21 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അമ്പാട്ടി റായുഡുവിന് മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 20 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമെടുത്ത ജഡേജയ്ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല

ഹൈദരാബാദിനായി നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍ ബൗളിങ്ങില്‍ തിളങ്ങി.

Content Highlights: IPL 2019 sunrisers hyderabad vs chennai super kings