ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി. ഡെല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഇതോടെ നാലു കളികളില്‍ നിന്ന് ആറു പോയിന്റുമായാണ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. കിങ്‌സ ഇലവനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ആറു പോയിന്റ് വീതമുണ്ടെങ്കിലും മെച്ചപ്പെട്ട ശരാശരിയാണ് ഹൈദരാബാദിന് തുണയായത്. അഞ്ചു കളികളില്‍ നിന്ന് നാലു  പോയിന്റുള്ള ഡെല്‍ഹി അഞ്ചാമതാണ്. അവരുടെ രണ്ടാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടാനായത്. ജയിക്കാന്‍ ഇരുപത് ഓവറില്‍ 130 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദ് ഒന്‍പത് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. റബാഡ എറിഞ്ഞ അവസാന പന്ത് സിക്സർ പറത്തി മുഹമ്മദ് നബിയാണ് മത്സരം ഫിനിഷ് ചെയ്തത്.

28 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്. വാര്‍ണറും പാണ്‌ഡെയും ഹൂഡയും പത്ത് റണ്‍സ് വീതമെടുത്തു. വിജയ്ശങ്കര്‍ പതിനാറ് റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹിയുടെ നിരയില്‍ 41 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് സണ്‍റൈസേഴ്‌സ് ബൗളിങ്ങിനെതിരേ പിടിച്ചുനില്‍ക്കാനായത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. പൃഥ്വി ഷാ പതിനൊന്നും ശിഖര്‍ ധവാന്‍  പന്ത്രണ്ടും ഋഷഭ് പന്ത് അഞ്ചും റണ്‍സാണ് നേടിയത്.

ഹൈദരാബാദിനുവേണ്ടി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാനും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് വീതവും.

 

Content Highlights: IPL 2019 Sunrisers Hyderabad Delhi Capitals DCvSRH