ന്യൂഡല്‍ഹി: വിവാദമായ മങ്കാദിങ് സംഭവത്തിനു പിന്നാലെ ഐ.പി.എല്‍ 12-ാം സീസണില്‍ ചൂടേറിയ സംഭവങ്ങള്‍ തുടരുകയാണ്. 

ചൊവ്വാഴ്ച നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് - ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിനിടെ താരങ്ങള്‍ മൈതാനമധ്യത്തുവെച്ച് കൊമ്പുകോര്‍ത്തതാണ് പുതിയ സംഭവം. ചെന്നൈ താരമായ ഷെയ്ന്‍ വാട്സണുമായി ഡല്‍ഹി താരങ്ങളായ ഇഷാന്ത് ശര്‍മയും കഗിസോ റബാദയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു ആദ്യ സംഭവം. അമ്പാട്ടി റായുഡുവിനെ പുറത്താക്കിയ ശേഷമുള്ള ഇഷാന്ത് ശര്‍മയുടെ ആഘോഷം വാട്സണ് പിടിച്ചില്ല. തന്നെ നോക്കി ചിരിച്ച വാട്സണു നേരെ ഇഷാന്ത് നടന്നുചെന്ന് വിരല്‍ ചൂണ്ടി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാഗ്വാദത്തിൽ ഏര്‍പ്പെട്ടു. സംഭവം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഇഷാന്തിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

ഇതിനു പിന്നാലെ മറ്റൊരു ഡല്‍ഹി താരം കഗിസോ റബാദയുമായും വാട്സണ്‍ കോര്‍ത്തു. വാട്സണ്‍ റബാദയുടെ വഴിമുടക്കി നിന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലാം ഓവറില്‍ റബാദയ്‌ക്കെതിരേ ആദ്യ നാലു പന്തുകളിലും റണ്‍സെടുക്കാന്‍ വാട്സണ് സാധിച്ചിരുന്നില്ല. പിന്നീടുള്ള രണ്ടു പന്തുകളില്‍ ഒരു ഫോറും സിക്സും പറത്തി വാട്സന്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ഓവറിലാണ് വാട്സണ്‍ റബാദയുടെ വഴിമുടക്കിയതും ഇരു താരങ്ങളും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതും.

എന്നാല്‍ മത്സരശേഷം ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ വാട്സണും റബാദയും കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്ത് ചിരിച്ചുകൊണ്ടാണ് പിരിഞ്ഞത്. മത്സരത്തില്‍ 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത വാട്സണ്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തില്‍ ആറു വിക്കറ്റിനാണ് ചെന്നൈ ജയിച്ചത്.

Content Highlights: ipl 2019 shane watson clashes with ishant sharma and kagiso rabada