മൊഹാലി: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കൈവിട്ടുപോയെന്ന് കരുതിയ മത്സരം അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഇംഗ്ലീഷ് താരം സാം കറന്റെ മികച്ച പ്രകടനമാണ് പഞ്ചാബിന് തുണയായത്. ഇത്തവണത്തെ ഐ.പി.എല്ലിലെ ആദ്യ ഹാട്രിക്ക് എന്ന നേട്ടവും കറന്‍ സ്വന്തം പേരിലാക്കിയിരുന്നു. 

ഇപ്പോഴിതാ ഹാട്രിക് നേടിയത് താന്‍ പോലും അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വെറും 2.2 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കറന്‍ ഹാട്രിക്ക് അടക്കം നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. 18-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെ രാഹുലിന്റെ കൈയിലെത്തിച്ച കറന്‍, 20-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ കഗിസോ റബാദ, സന്ദീപ് ലാമിഷാനെ എന്നിവരെ ബൗള്‍ഡാക്കിയാണ് ഹാട്രിക്ക് തികച്ചത്.

എന്നാല്‍ ഹാട്രിക്ക് നേടിയ കാര്യം അറിയാതെ നിന്ന കറനോട് ഒരു ടീം അംഗമാണ് ഇക്കാര്യം പറഞ്ഞത്. ടീമിനൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു ഇത്. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും കറനായിരുന്നു. ഡല്‍ഹിക്കെതിരായ മത്സരം 14 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചത്.  

അതേസമയം ക്രിസ് ഗെയിലിന്റെ അഭാവത്തില്‍ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സാം കറന്‍ 10 പന്തുകളില്‍ നിന്ന് ഒരു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കം 20 റണ്‍സെടുക്കുകയും ചെയ്തു.

Content Highlights: ipl 2019 sam curran unaware hattrick quotes reaction