ബെംഗളൂരു: ഐ.പി.എല്ലില്‍ വ്യാഴാഴ്ചത്തെ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 

അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ആറു റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ ആദ്യ ജയമാണിത്. 

41 പന്തുകളില്‍ നിന്ന് ആറു സിക്‌സും നാലു ബൗണ്ടറികളുമടക്കം 70 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. 

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. മലിംഗയുടെ ആദ്യ പന്തു തന്നെ ശിവം ദുബെ സിക്‌സറിന് പറത്തി. പിന്നീട് നാലു റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. അതിനിടെ അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ മലിംഗയുടെ പന്ത് നോബോളായിരുന്നു. എന്നാല്‍ ഇത് അമ്പയര്‍ കണ്ടില്ല. ഇതിനെതിരേ വിരാട് കോലി പ്രതികരിക്കുകയും ചെയ്തു. 

188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് സ്‌കോര്‍ 27-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ മോയിന്‍ അലിയെ നഷ്ടമായി. ഏഴു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അലി, രോഹിത്തിന്റെ ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. സ്‌കോര്‍ 67-ല്‍ എത്തിയപ്പോള്‍ 22 പന്തില്‍ ഒരു സിക്‌സും നാലു ബൗണ്ടറിയും സഹിതം 31 റണ്‍സെടുത്ത് പാര്‍ഥിവ് പട്ടേലും മടങ്ങി. 

പിന്നാലെ ക്രീസില്‍ ഒന്നിച്ച വിരാട് കോലി - ഡിവില്ലിയേഴ്‌സ് സഖ്യം മൂന്നാം വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തു. വിരാട് കോലി 32 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ 46 റണ്‍സെടുത്ത് പുറത്തായി. ഹെറ്റ്മയറിനും (5) കാര്യമായ സംഭാവന നല്‍കാനായില്ല. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 33 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

അവസാന നിമിഷം തകര്‍ത്തടിച്ച ഹാര്‍ദിക്  പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 187-ല്‍ എത്തിച്ചത്. 14 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയും സഹിതം 32 റണ്‍സെടുത്തു. മുംബൈക്കായി ഒാപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. 39 പന്തില്‍ ഇരുവരും 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

20 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 23 റണ്‍സെടുത്ത ഡി കോക്കിനെ പുറത്താക്കി ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രോഹിത് ശര്‍മ അര്‍ധ സെഞ്ചുറിക്ക് രണ്ടു റണ്‍സകലെ ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായി. 

ipl 2019 royal challengers bangalore vs mumbai indians

പിന്നാലെ ക്രീസിലെത്തിയ യുവ്‌രാജ് സിങ് തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം 14-ാം ഓവറില്‍ ചാഹലിനെ തുടര്‍ച്ചയായി മൂന്നു തവണ സിക്‌സറിന് പറത്തി ചിന്നസ്വാമിയെ 2007 ട്വന്റി 20 ലോകകപ്പിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. എന്നാല്‍ നാലാം പന്തിലും സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ യുവിയെ ബൗണ്ടറി ലൈനിനരികില്‍ സിറാജ് ക്യാച്ചെടുക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളടക്കം 23 റണ്‍സെടുത്താണ് യുവി മടങ്ങിയത്. 

സൂര്യകുമാര്‍ യാദവ് 38 റണ്‍സെടുത്തു. വമ്പനടിക്കാരന്‍ ക്രുനാല്‍ പാണ്ഡ്യ (1) വന്നപാടെ മടങ്ങി. പൊള്ളാഡിനും (5) കാര്യമായ സംഭാവന നല്‍കാനായില്ല. 

ipl 2019 royal challengers bangalore vs mumbai indians

ബാംഗ്ലൂരിനായി യൂസ് വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. സിറാജും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: ipl 2019 royal challengers bangalore vs mumbai indians