ബെംഗളൂരു: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ജയമറിയാതെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. സീസണിലെ ആദ്യജയം തേടി ആറാം മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിനെ ഇത്തവണ തറപറ്റിച്ചത് ഡല്‍ഹിയാണ്. സ്വന്തം തട്ടകമായ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോലിപ്പടയെ നാല് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ മുന്നോട്ടുവച്ച 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി മറികടന്നത്. സ്‌കോര്‍; ബാംഗ്ലൂര്‍ - (20 ഓവറില്‍ 149/8). ഡല്‍ഹി - (18.5 ഓവറില്‍ 152/6).
ക്യാപ്റ്റന്റെ ഇന്നിംങ്‌സ് പുറത്തെടുത്ത് അര്‍ധസെഞ്ച്വറിയുമായി (50 പന്തില്‍ 67 റണ്‍സ്) മുന്നില്‍നിന്ന് നയിച്ച ശ്രേയസ് അയ്യരാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്. 150 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഡല്‍ഹിക്ക് സ്‌കോര്‍ ബോര്‍ഡ് ഒന്നില്‍ നില്‍ക്കേ ഓപ്പണര്‍ ശിഖര്‍ ധവാന്റെ (1 പന്തില്‍ 0) വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് പതിയെ ഡല്‍ഹിയെ മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത പൃത്വി ഷായെ പവന്‍ നേഗി മടക്കിയെങ്കിലും പിന്നാലെയെത്തിയ കോളിന്‍ ഇന്‍ഗ്രാമിനൊപ്പം (21 പന്തില്‍ 22 റണ്‍സ്) ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ വിജയത്തോടടുപ്പിച്ചു. ജയം ഉറപ്പാക്കിയ ശേഷമാണ് നവ്ദ്വീപ് സയ്‌നിക്ക് വിക്കറ്റ് നല്‍കി ശ്രേയസ് മടങ്ങിയത്.
ആദ്യ ഓവറില്‍ വിക്കറ്റ് ലഭിച്ചെങ്കിലും പിന്നീടുള്ള ഡല്‍ഹി കൂട്ടുകെട്ട് എളുപ്പത്തില്‍ പൊളിക്കാന്‍ സാധിക്കാതിരുന്നത് ബാംഗ്ലൂരുവിന്റെ വിധിയെഴുതി. ബാംഗ്ലൂരുവിനായി സയ്‌നി രണ്ട് വിക്കറ്റ് വീഴ്ത്തി. ടീം സൗത്തി, പവന്‍ നേഗി, മുഹമ്മദ് സിറാജ്, മോയ്ന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി (33 പന്തില്‍ 41 റണ്‍സ്), മോയ്ന്‍ അലി (18 പന്തില്‍ 32 റണ്‍സ്) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. പാര്‍ഥിവ് പട്ടേല്‍ (ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ്), ഡിവില്ല്യേഴ്സ് (16 പന്തില്‍ 17) എന്നിവരുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത റബാഡയാണ് ബാംഗ്ലൂര്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ക്രിസ് മോറിസ് രണ്ടും അക്ഷര്‍ പട്ടേലും സന്ദീപ് ലാമിച്ചാനെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആറ് മത്സരത്തില്‍ ആറും തോറ്റ ബാംഗ്ലൂര്‍ നിലവില്‍ പോയന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. മൂന്ന് ജയമടക്കം ആറ് പോയന്റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.
Content Highlights; IPL 2019, Royal Challengers Bangalore vs Delhi Capitals