ബെംഗളൂരു: പതിനൊന്ന് മത്സരങ്ങള്‍ക്കുശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നാലാം ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പതിനേഴ് റണ്‍സിന് പരാജയപ്പെടുത്തിയ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ വാലറ്റത്ത് നിന്ന് കരകയറി. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റായി അവർക്ക്. ഇതോടെ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തെത്തി. ആറു പോയിന്റുള്ള രാജസ്ഥാനാണ് ഇപ്പോള്‍ ഏറ്റവും അവസാനക്കാര്‍.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എബി ഡിവില്ല്യേഴ്‌സിന്റെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. പഞ്ചാബിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് നേടാനായത്.

28 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നിക്കോളസാണ് ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍ 27 പന്തില്‍ നിന്ന് 42 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ 35 ഉം മില്ലര്‍ 24 ഉം ഗെയ്ല്‍ 23 ഉം റണ്‍സെടുത്തു.

ബാംഗ്ലൂരിനുവേണ്ടി ഉമേഷ് യാദവ് മൂന്നും സയ്‌നി രണ്ടും വിക്കറ്റ് വീഴ്ത്തി.

44 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത എബി ഡിവില്ല്യേഴ്‌സാണ് ബാംഗ്ലൂരിനെ 200 റണ്‍സ് കടത്തിയത്. ഏഴ് സിക്‌സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഡിവില്ല്യേഴ്‌സിന്റെ ഇന്നിങ്‌സ്. സ്‌റ്റോയിന്‍സ് 34 പന്തില്‍ നിന്ന് 46 ഉം പാര്‍ഥിവ് പട്ടേല്‍ 24 പന്തില്‍ നിന്ന് 43 ഉം റണ്‍സെടുത്തു.

കിങ്‌സ് ഇലവനുവേണ്ടി മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍, ആര്‍. അശ്വിന്‍ വില്ലോയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: IPL 2019 Royal Challengers Bangalore Kings XI Punjab RCBvKXIP