ഹൈദരാബാദ്: ഐ.പി.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ജയം. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 

199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനായി തകര്‍ത്തടിച്ചാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോവും തുടങ്ങിയത്. വാര്‍ണറായിരുന്നു കൂട്ടത്തില്‍ അപകടകാരി. ഓപ്പണിങ് വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 

37 പന്തില്‍ രണ്ടു സിക്‌സും ഒമ്പത് ബൗണ്ടറിയുമടക്കം 69 റണ്‍സെടുത്ത വാര്‍ണറാണ് ആദ്യം പുറത്തായത്. പിന്നാലെ ഏഴു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ബെയര്‍സ്‌റ്റോവും മടങ്ങി. 28 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം ബെയര്‍സ്‌റ്റോവ് 45 റണ്‍സെടുത്തു. 

വിജയ് ശങ്കര്‍ വെറും 15 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സിന്റെ അകമ്പടിയോടെ 35 റണ്‍സെടുത്ത് പുറത്തായി. ശങ്കറും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു.

പിന്നീട് ഹൈദരാബാദിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (14), വിജയ് ശങ്കര്‍, മനീസ് പാണ്ഡെ (1) എന്നിവര്‍ അടുത്തടുത്ത് പുറത്തായതോടെ അവര്‍ പതറി.

എന്നാല്‍ 12 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത യൂസഫ് പത്താനും എട്ടു പന്തില്‍ 15 റണ്‍സെടുത്ത റാഷിദ് ഖാനും ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജോഫ്ര അര്‍ച്ചറുടെ 19-ാം ഓവറിലെ അവസാന പന്ത് സിക്‌സറടിച്ച് റാഷിദ് ഹൈദരാബാദിന്റെ വിജയ റണ്‍ കുറിച്ചു.

നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ശ്രേയസ് ഗോപാല്‍ രാജസ്ഥാനായി ബൗളിങ്ങില്‍ തിളങ്ങി.

IPL 2019 Rajasthan Royals vs Sunrisers Hyderabad

സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു വി സാംസന്റെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തത്. ഐ.പി.എല്‍ 12-ാം സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ രണ്ട് ഐ.പി.എല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വീരേന്ദര്‍ സെവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജുവും ഇടംപിടിച്ചു. നാലു സെഞ്ചുറികള്‍ നേടിയ വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാമത്. 

തകര്‍ത്തടിച്ച സഞ്ജു 55 പന്തില്‍ നിന്ന് നാലു സിക്സും 10 ബൗണ്ടറിയുമടക്കം 102 റണ്‍സുമായി പുറത്താകാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18-ാം ഓവറില്‍ ഒരു സിക്സും നാലു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്‌സ് കാണാം

അര്‍ധ സെഞ്ചുറിയുമായി സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ പ്രകടനവും നിര്‍ണായകമായി. 49 പന്തുകള്‍ നേരിട്ട രഹാനെ മൂന്നു സിക്സും നാലു ബൗണ്ടറിയുമടക്കം 70 റണ്‍സെടുത്തു. 

IPL 2019 Rajasthan Royals vs Sunrisers Hyderabad

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് കഴിഞ്ഞ മത്സരത്തിലെ താരമായ ജോസ് ബട്ട്ലറെ 15 റണ്‍സില്‍ തന്നെ നഷ്ടമായി. എട്ടു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമായിരുന്നു ബട്ട്ലറുടെ സമ്പാദ്യം. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച രഹാനെ  - സഞ്ജു സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റില്‍ 119 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 

IPL 2019 Rajasthan Royals vs Sunrisers Hyderabad

സണ്‍റൈസേഴ്‌സ് നിരയില്‍ ഭുവനേശ്വര്‍ കുമാറാണ് ഏറ്റവും കൂടുതല്‍ തല്ലു വാങ്ങിയത്. നാല് ഓവറില്‍ 55 റണ്‍സാണ് വിട്ടുകൊടുത്തത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന്‍ മികച്ച പ്രകടനം പുറത്തെടുത്തു.

Content Highlights: IPL 2019 Rajasthan Royals vs Sunrisers Hyderabad