ബാംഗ്ലൂര്‍: ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടം സ്വന്തമാക്കിയ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം പ്രയാസ് റായ് ബര്‍മന് ഈ വര്‍ഷം മറ്റൊരു ദൗത്യം കൂടിയുണ്ട്. ബാംഗ്ലൂരിനായി പന്തെടുക്കുമ്പോഴും ഈ വര്‍ഷം നടക്കാനിരിക്കുന്ന 12-ാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയെ കുറിച്ചുള്ള വേവലാതിയിലാണ് താരം. 

പരീക്ഷയ്ക്കും ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഇടയിലെ ഈ ഓട്ടം അത്ര സുഖകരമല്ലെന്ന് പ്രയാസ് തന്നെ പറയുന്നു. കൊല്‍ക്കത്ത കല്ല്യാണി പബ്ലിക് സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് ഈ 16-കാരന്‍. ബാംഗ്ലൂര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ കൊമേഴ്‌സ് പരീക്ഷ എഴുതാനായി പ്രയാസ് എത്തിയിരുന്നു. ഇനി ഏപ്രില്‍ അഞ്ചിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് മുമ്പ് എന്റര്‍പ്രണര്‍ഷിപ്പ് പരീക്ഷ കൂടി പ്രയാസിന് എഴുതാനുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 16 വയസും 157 ദിവസവുമായിരുന്നു പ്രയാസിന്റെ പ്രായം. 17 വയസും 11 ദിവസവുമുള്ളപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്റെ റെക്കോഡാണ് പ്രയാസ് സ്വന്തമാക്കിയത്.

എന്നാല്‍ അരങ്ങേറ്റ മത്സരം അത്ര നല്ല ഓര്‍മ്മകളല്ല ഈ സ്പിന്നര്‍ക്ക് നല്‍കിയത്. ഹൈദരാബാദിനായി ജോണി ബെയര്‍സ്‌റ്റോവും ഡേവിഡ് വാര്‍ണറും ആഞ്ഞടിച്ചതോടെ നാല് ഓവര്‍ എറിഞ്ഞ ബര്‍മന്‍ വഴങ്ങിയത് 56 റണ്‍സാണ്. മത്സരം 118 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ വിരാട് കോലി, എ ബി ഡിവില്ലിയേഴ്സ്, കോച്ച് ഗാരി കേസ്റ്റണ്‍ തുടങ്ങിയവരെല്ലാം പ്രയാസിന് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് താരത്തിന്റെ പിതാവ് ഡോ. കൗശിക് റായ് ബര്‍മന്‍ പറഞ്ഞു. ടീം നല്‍കുന്ന പിന്തുണയാണ് പഠനവും കളിയും ഒന്നിച്ചുകൊണ്ടുപോകാന്‍ പ്രയാസിനെ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ ബംഗാള്‍ താരത്തിന് ബാംഗ്ലൂര്‍ ടീമിലേക്ക് വഴിതുറന്നത്. ഐ.പി.എല്‍ ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് പ്രയാസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

Content Highlights: ipl 2019 prayas ray barman entangled between studies and cricket