മുംബൈ: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു വിക്കറ്റ് ജയം.

അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. 

43 പന്തില്‍ നിന്ന് ഏഴു സിക്‌സും എട്ടു ബൗണ്ടറിയുമടക്കം 89 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ രഹാനെയ്‌ക്കൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്ട്‌ലര്‍ രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണൊപ്പം 87 റണ്‍സും കൂട്ടിച്ചേര്‍ത്തു. അല്‍സാരി ജോസഫിന്റെ ഓവറില്‍ രണ്ടു സിക്‌സും നാലു ബൗണ്ടറിയുമടക്കം 28 റണ്‍സ് അടിച്ചെടുത്ത ബട്ട്‌ലര്‍, ആ ഒരു ഓവര്‍ കൊണ്ട് മത്സരം രാജസ്ഥാന് അനുകൂലമാക്കുകയായിരുന്നു. 

രഹാനെ 21 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 37 റണ്‍സെടുത്ത് പുറത്തായി. സഞ്ജു സാംസണ്‍ 26 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 31 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് 12 റണ്‍സെടുത്ത് പുറത്തായി. അവസാന നിമിഷം വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ രാജസ്ഥാനെ ഏഴു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ശ്രേയസ് ഗോപാലാണ് വിജയത്തിലെത്തിച്ചത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 187 റണ്‍സെടുത്തിരുന്നു.

IPL 2019 Mumbai Indians vs Rajasthan Royals

ഓപ്പണിങ് വിക്കറ്റില്‍ തന്നെ രോഹിത് ശര്‍മയും ഡിക്കോക്കും ചേര്‍ന്ന് മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തകര്‍ത്തടിച്ച ഇരുവരും 65 പന്തില്‍ നിന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

32 പന്തില്‍ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 47 റണ്‍സെടുത്ത രോഹിത് ശര്‍മയെ പുറത്താക്കി ജോഫ്ര ആര്‍ച്ചറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സൂര്യകുമാര്‍ യാദവും (16), കീറോണ്‍ പൊള്ളാര്‍ഡും (6) പെട്ടെന്ന് മടങ്ങി. 52 പന്തുകള്‍ നേരിട്ട് നാലു സിക്സും ആറു ബൗണ്ടറിയുമടക്കം 81 റണ്‍സെടുത്ത ഡിക്കോക്കിനെ മികച്ചൊരു ക്യാച്ചിലൂടെ ജോസ് ബട്ട്ലര്‍ മടക്കുകയായിരുന്നു. 

അവസാന ഓവറുകളിലെ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് മുംബൈയെ 187 എന്ന സ്‌കോറിലെത്തിച്ചത്. വെറും 10 പന്തുകള്‍ നേരിട്ട പാണ്ഡ്യ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

Content Highlights: IPL 2019 Mumbai Indians vs Rajasthan Royals