ജയ്പുര്‍: വ്യാഴാഴ്ച രാജസ്ഥാനെതിരായ മത്സരത്തിനിടെ മൈതാനത്തേക്കിറങ്ങി അമ്പയര്‍മാരോട് കയര്‍ത്ത് സംസാരിച്ച ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ നടപടി ഏറെ വിവാദമായിരിക്കുകയാണ്.
മുന്‍താരങ്ങളടക്കം പലരും ധോനിയുടെ നടപടിക്കെതിരേ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ധോനിക്കെതിരേ വിമര്‍ശനവുമായി രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിനിടെ മൈതാനത്തേക്കിറങ്ങിയ ധോനി ചെയ്തത് ശരിയായില്ലെന്ന് ബട്ട്‌ലര്‍ പറഞ്ഞു.
മത്സരത്തിന്റെ അവസാന ഓവറില്‍ മിച്ചല്‍ സാന്റ്നര്‍ക്കെതിരേ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ ഒരു പന്തിനെ കുറിച്ചായിരുന്നു തര്‍ക്കം. സ്റ്റോക്ക്സ് എറിഞ്ഞ പന്ത് സാന്റ്നറുടെ അരയ്ക്ക് മുകളില്‍ ഫുള്‍ടോസായാണ് വന്നത്. ഫീല്‍ഡ് അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെ നോബോള്‍ സിഗ്നല്‍ കാണിച്ചു. എന്നാല്‍ പിന്നീട് ലെഗ് അമ്പയറുടെ നിര്‍ദേശപ്രകാരം അത് പിന്‍വലിക്കുകയും ചെയ്തു. ഇതാണ് ധോനിയെ ചൊടിപ്പിച്ചത്.
ഡഗ്ഔട്ടില്‍ നിന്ന് പിച്ചിനടുത്തേക്ക് എത്തിയ ധോനി അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെയോട് വിരല്‍ചൂണ്ടി സംസാരിക്കുകയും ചെയ്തു. ബൗണ്ടറി ലൈനില്‍ നിന്ന് തന്നെ അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോനി വന്നത്. ഇത് എങ്ങനെ സമ്മതിക്കുമെന്നും അത് നോ ബോള്‍ അല്ലേ എന്നും ഉല്‍ഹാസ് ഗാന്ധെയോട് ധോനി ചോദിക്കുന്നുണ്ടായിരുന്നു.
''ഞാന്‍ ബൗണ്ടറി ലൈനിനടുത്തായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ എന്താണ് ശരിക്കും സംഭവിച്ചതെന്ന് എനിക്കുറപ്പില്ല. അതൊരു ശരിയായ നടപടിയായിരുന്നുവെന്ന് തോന്നുന്നില്ല'' - മത്സരശേഷം ബട്ട്‌ലര്‍ പറഞ്ഞു.
ഐ.പി.എല്ലിനിടെയുള്ള മാനസിക സമ്മര്‍ദം വളരെ വലുതാണ്. ഓരോ റണ്‍സും അത്രയേറെ പ്രധാനപ്പെട്ടതും. അത് മത്സരത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം തന്നെയായിരുന്നു. എന്നിരുന്നാലും ആ സമയത്ത് മൈതാനത്തേക്ക് കടന്നത് ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയര്‍ത്ത ധോനിക്ക് ബി.സി.സി.ഐ മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ചുമത്തി. ധോനി ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലെവല്‍ 2 നിയമം ലംഘിച്ചെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
Content Highlights: ipl 2019 ms dhoni showdown with umpires probably not right says jos buttler