ഹൈദരാബാദ്: ഐ.പി.എല്ലില്‍ ധോനിയുടെ നേതൃത്വത്തില്‍ എട്ടു ഫൈനലുകള്‍ കളിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. എട്ടില്‍ മൂന്നു വിജയങ്ങളാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. മുംബൈക്കെതിരേ കളിച്ച നാലു ഐ.പി.എല്‍ ഫൈനലുകളില്‍ ചെന്നൈയുടെ മൂന്നാം തോല്‍വിയാണിത്. 

നായകന്‍ എം.എസ് ധോനി തന്നെയായിരുന്നു എക്കാലവും ചെന്നൈയുടെ കരുത്ത്. എന്നാല്‍ 37 പിന്നിട്ട ധോനി ഇനിയൊരു ഐ.പി.എല്‍ സീസണില്‍ കൂടി ചെന്നൈയെ നയിക്കുമോ? ഇന്ത്യന്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകുമോ എന്ന് ഫൈനല്‍ മത്സരത്തിനു പിന്നാലെ അവതാരകന്‍ സൈമണ്‍ ഡള്‍ തന്നെ ധോനിയോട് ചോദിക്കുകയും ചെയ്തു. ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് ഉടന്‍ തന്നെ ധോനിയുടെ മറുപടിയുമെത്തി.

''ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഇതൊരു മികച്ച സീസണ്‍ തന്നെയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ മികച്ച ക്രിക്കറ്റ് കളിച്ചായിരുന്നില്ല ഞങ്ങള്‍ ഇവിടെവരെയെത്തിയത്. ടീമിന്റെ മധ്യനിര അത്ര മികച്ചതായിരുന്നില്ല'' - ധോനി വ്യക്തമാക്കി. 

ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഒരു റണ്ണിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെട്ടത്. മുംബൈയുടെ നാലാം ഐ.പി.എല്‍ കിരീടമാണിത്. വിജയത്തില്‍ നിര്‍ണായകമായത് ചെന്നൈ നായകന്‍ എം.എസ് ധോനിയുടെ റണ്ണൗട്ടാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുറന്നു പറയുകയും ചെയ്തു. 

സീസണില്‍ ബാറ്റുകൊണ്ട് ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ധോനി ഫൈനലില്‍ എട്ടു പന്തില്‍ നിന്ന് വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.

Content Highlights: ipl 2019 ms dhoni gives cheeky response on returning to ipl