മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിന്‍, ജോസ് ബട്ട്‌ലറെ പുറത്താക്കിയതോടെയാണ് മങ്കാദിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമായത്. 

ഈ സംഭവത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് - കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ക്രുനാല്‍ പാണ്ഡ്യ മായങ്ക് അഗര്‍വാളിന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടയിലും ഇത്തരത്തില്‍ ഒരു മങ്കാദിങ് മുന്നറിയിപ്പ് നടന്നു. ക്രുനാല്‍ പാണ്ഡ്യ തന്നെയായിരുന്നു ഇവിടെയും ബൗളര്‍. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്നതാകട്ടെ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനിയും. 

ക്രുനാല്‍ എറിഞ്ഞ 14-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. പന്തെറിയാനെത്തിയ ക്രുനാല്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും പന്തെറിയാതെ തിരിച്ച് നടക്കുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ധോനിക്ക് നല്‍കിയ മങ്കാദിങ് മുന്നറിയിപ്പായാണ് ഇത് തോന്നിയത്. ക്രുനാല്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ധോനിയുടെ ബാറ്റ് ക്രീസിനുള്ളില്‍ തന്നെയായിരുന്നു. 

ധോനിയുടെ ഈ ജാഗ്രത കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കറെ അദ്ഭുതപ്പെടുത്തി. ധോനി എന്തെങ്കിലും തെറ്റായി ചെയ്യുന്നത് കാണാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. 

Content Highlights: ipl 2019 ms dhoni gets mankading warning from krunal pandya