ഹൈദരാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ തകര്‍പ്പന്‍ വിജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 30 പന്ത് ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ വിജയം. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി.

ഓപ്പണിങ് വിക്കറ്റില്‍ 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡേവിഡ് വാര്‍ണറും ബെയര്‍‌സ്റ്റോയും ഹൈദരാബാദിന് അനായാസ വിജയമൊരുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ മൂന്നു ഫോറും അഞ്ചു സിക്‌സും സഹിതം 67 റണ്‍സ് അടിച്ചു. 43 പന്തില്‍ ഏഴു ഫോറും നാല് സിക്‌സും സഹിതം 80 റണ്‍സാണ് ബെയര്‍സ്‌റ്റോ അടിച്ചുകൂട്ടിയത്. 

വാര്‍ണറെ പുറത്താക്കി ഈ കൂട്ടുകെട്ട് പൃ്ഥ്വി രാജ് പൊളിക്കുകയായിരുന്നു. പിനനീട് കെയ്ന്‍ വില്ല്യംസണെ കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു. ഒമ്പത് പന്തില്‍ എട്ടു റണ്‍സുമായി വില്ല്യംസണ്‍ പുറത്താകാതെ നിന്നു. 

നേരത്തെ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്രിസ് ലിന്നിന്റെ മികവിലായിരുന്നു കൊല്‍ക്കത്തയുടെ ഇന്നിങ്‌സ്. 

ഓപ്പണിങ് വിക്കറ്റില്‍ ലിന്നും നരെയ്‌നും 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 25 റണ്‍സെടുത്ത നരെയ്‌നെ പുറത്താക്കി ഖലീല്‍ അഹമ്മദ് കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റെടുത്തു. ശുഭ്മാന്‍ ഗില്‍ മൂന്നു റണ്‍സിനും നിധീഷ് റാണ 11 റണ്‍സിനും പുറത്തായി. ആറു റണ്‍സായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ സംഭാവന. 

എന്നാല്‍ ഒറ്റത്ത് പിടിച്ചു നിന്ന ക്രിസ് ലിന്‍ 47 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സ് അടിച്ചു. റിങ്കു സിങ്ങ് 30 റണ്‍സെടുത്ത് പുറത്തായി. പിന്നീട് കൊല്‍ക്കത്തയുടെ പ്രതീക്ഷ ആന്ദ്ര റസ്സലിലായിരുന്നു. എന്നാല്‍ ഒമ്പത് പന്ത് നേരിട്ട റസ്സല്‍ 15 റണ്‍സിന് പുറത്തായി. പിയൂഷ് ചൗളയുടെ സമ്പാദ്യം നാല് റണ്‍സായിരുന്നു. 

ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റുമെടുത്തു. സന്ദീപ് ശര്‍മ്മ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

Content Highlights: IPL 2019 Kolkata Knight Riders vs Sunrisers Hyderabad