കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളും ഡേവിഡ് മില്ലെറും പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറില്‍ 42 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. 14 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. 

സ്‌കോര്‍ 11-ല്‍ എത്തിയപ്പോള്‍ തന്നെ പഞ്ചാബിന് ലോകേഷ് രാഹുലിനെ നഷ്ടമായി. അഞ്ചു പന്തുകളില്‍ നിന്ന് ഒരു റണ്ണെടുത്ത രാഹുലിനെ ലോക്ക് ഫെര്‍ഗൂസനാണ് പുറത്താക്കിയത്. തകര്‍ത്തടിച്ച് തുടങ്ങിയ ക്രിസ് ഗെയിലിനെ വിന്‍ഡീസ് ടീമിലെ സഹതാരം ആന്ദ്രേ റസ്സല്‍ തന്നെ മടക്കിയതോടെ പഞ്ചാബ് ഞെട്ടി. 13 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സും ബൗണ്ടറികളും അടക്കം ഗെയ്ല്‍ 20 റണ്‍സെടുത്തു. രാജസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാന് ആ മികവ് ഈഡനില്‍ തുടരാനായില്ല. 13 പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാനായത്. 

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച മായങ്ക് അഗര്‍വാള്‍ - ഡേവിഡ് മില്ലര്‍ സഖ്യം പൊരുതി നോക്കിയെങ്കിലും ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നുകൊണ്ടിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

34 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 58 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 പന്തില്‍ നിന്ന് മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 59 റണ്‍സെടുത്ത മില്ലെര്‍ പുറത്താകാതെ നിന്നു. മന്‍ദീപ് സിങ് 15 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടമായി ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത റോബിന്‍ ഉത്തപ്പയുടെയും നിധീഷ് റാണയുടെയും അര്‍ധ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന ഈഡന്റെ ചരിത്രമാണ് ടോസ് നേടിയിട്ടും ബൗളിങ് തിരഞ്ഞെടുക്കാന്‍ പഞ്ചാബ് ക്യാപ്റ്റനെ പ്രേരിപ്പിച്ചത്. 

അവസാന നിമിഷം ആഞ്ഞടിച്ച വിന്‍ഡീസ് താരം ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്ത സ്‌കോര്‍ 200 കടത്തിയത്. വെറും 17 പന്തുകള്‍ നേരിട്ട റസ്സല്‍ ആഞ്ചു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കം 48 റണ്‍സെടുത്ത് ആന്‍ഡ്രു ടൈയുടെ പന്തില്‍ പുറത്തായി. 282.35 സ്‌ട്രൈക്ക് റേറ്റിലാണ് റസ്സല്‍ അടിച്ചുതകര്‍ത്തത്.

കൊല്‍ക്കത്തയ്ക്കായി ഓപ്പണ്‍ ചെയ്ത സുനില്‍ നരെയ്‌ന്റെ വെടിക്കെട്ടോടെയാണ് മത്സരം തുടങ്ങിയത്. വെറും ഒമ്പത് പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒരു ബൗണ്ടറിയുമടക്കം 24 റണ്‍സെടുത്ത നരെയ്‌നും ക്രിസ് ലിന്നും (10) ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ക്രീസില്‍ ഒന്നിച്ച ഉത്തപ്പ - റാണ സഖ്യം മൂന്നാം വിക്കറ്റില്‍ തകര്‍ത്തടിച്ച് 110 റണ്‍സാണ് കൊല്‍ക്കത്ത സ്‌കോറിലേക്ക് ചേര്‍ത്തത്. 

IPL 2019 Kolkata Knight Riders vs Kings XI Punjab

അശ്വിനും മന്‍ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം റാണയുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. രാജസ്ഥാനെതിരായ മത്സരത്തിലെ മങ്കാദിങ് പ്രയോഗത്തിലൂടെ വിവാദ പുരുഷനായി മാറിയ അശ്വിനു തന്നെയാണ് പഞ്ചാബ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തല്ലു കൊണ്ടത്. നാല് ഓവറില്‍ 47 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. 34 പന്തില്‍ നിന്ന് ഏഴു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 63 റണ്‍സെടുത്ത റാണയെ പുറത്താക്കി വരുണാണ് പഞ്ചാബിന് ആശ്വാസം നല്‍കിയത്.

ഉത്തപ്പ - റസ്സല്‍ സഖ്യം വെറും 31 പന്തില്‍ നിന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുഹമ്മദ് ഷമി എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സാണ് റസ്സലിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്. റോബിന്‍ ഉത്തപ്പ 50 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 67 റണ്‍സോടെ പുറത്താകാതെ നിന്നു.

Content Highlights: IPL 2019 Kolkata Knight Riders vs Kings XI Punjab