കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് ജയം. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

63 പന്തില്‍ നിന്ന് രണ്ടു സിക്‌സും 11 ബൗണ്ടറിയുമടക്കം 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാന്റെയും 46 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഡല്‍ഹി വിജയത്തില്‍ നിര്‍ണായകമായത്. കോളിന്‍ ഇന്‍ഗ്രാം സിക്‌സറിലൂടെ മത്സരം അവസാനിപ്പിച്ചതോടെ ധവാന് ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം നഷ്ടമായി. ആറു പന്തില്‍ നിന്ന് 14 റണ്‍സുമായി ഇന്‍ഗ്രാം പുറത്താകാതെ നിന്നു.

179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്കായി ധവാനും - പൃഥ്വി ഷായും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 18 പന്തില്‍ നിന്നും 32 റണ്‍സ് അടിച്ചു കൂട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചത് പ്രസിദ് കൃഷ്ണയാണ്. എഴു പന്തില്‍ നിന്ന് രണ്ടു സിക്‌സടക്കം 14 റണ്‍സെടുത്ത പൃഥ്വിയെയാണ് പ്രസിദ് പുറത്താക്കിയത്. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6) വലിയ സംഭാവനകളില്ലാതെ മടങ്ങി. 

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ധവാന്‍ - ഋഷഭ് പന്ത് സഖ്യമാണ് മത്സരം കൊല്‍ത്തക്കയുടെ പക്കല്‍ നിന്ന് പൂര്‍ണമായും സ്വന്തമാക്കിയത്. ധവാന് മികച്ച പിന്തുണ നല്‍കിയ പന്ത് 31 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 46 റണ്‍സെടുത്ത് 18-ാം ഓവറിലാണ് പുറത്തായത്. 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ യുവതാരം ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയ്ക്കായി തിളങ്ങി. 39 പന്തുകള്‍ നേരിട്ട ഗില്‍ രണ്ടു സിക്സും ഏഴു ബൗണ്ടറിയുമടക്കം 65 റണ്‍സെടുത്ത് പുറത്തായി. 

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തയ്ക്ക് ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ജോ ഡെന്‍ലിയെ നഷ്ടമായിരുന്നു. ഇഷാന്ത് ശര്‍മയാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും ഗില്ലും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഉത്തപ്പയെ റബാദയാണ് പുറത്താക്കിയത്. പിന്നാലെ കാര്യമായ സംഭാവന നല്‍കാതെ നിധീഷ് റാണയും (11) മടങ്ങി. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് (2) വീണ്ടും നിരാശപ്പെടുത്തി.

പതിവുപോലെ വെടിക്കെട്ട് പ്രകടനം നടത്തിയ ആന്ദ്രേ റസല്‍ 21 പന്തില്‍ നിന്ന് നാലു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 45 റണ്‍സെടുത്തു. പിയുഷ് ചൗള ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. ഡല്‍ഹിക്കായി ക്രിസ് മോറിസും റബാദയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: ipl 2019 kolkata knight riders vs delhi capitals