മൊഹാലി: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറു വിക്കറ്റ് ജയം. രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ലോകേഷ് രാഹുല്‍ - മായങ്ക് അഗര്‍വാള്‍ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു മാത്രം ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു. രാഹുലും മായങ്ക് അഗര്‍വാളും അര്‍ധ സെഞ്ചുറി നേടി. 

151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് സ്‌കോര്‍ 18-ല്‍ എത്തിയപ്പോള്‍ വമ്പനടിക്കാരന്‍ ക്രിസ് ഗെയിലിനെ നഷ്ടപ്പെട്ടു. 14 പന്തില്‍ നിന്ന് ഒരു സിക്‌സും ഒരു ബൗണ്ടറിയുമടക്കം 16 റണ്‍സെടുത്ത ഗെയിലിനെ റാഷിദ് ഖാനാണ് പുറത്താക്കിയത്. 

പിന്നാലെ ക്രീസില്‍ ഒന്നിച്ച രാഹുല്‍ - മായങ്ക് അഗര്‍വാള്‍ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ipl 2019 kings xi punjab vs sunrisers hyderabad

ലോകേഷ് രാഹുല്‍ 53 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴു ബൗണ്ടറികളുമടക്കം 71 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാഹുലിന് മികച്ച പിന്തുണ നല്‍കിയ മായങ്ക് അഗര്‍വാള്‍ 43 പന്തില്‍ നിന്ന് മൂന്നു സിക്‌സും മൂന്നു ബൗണ്ടറികളുമടക്കം 55 റണ്‍സെടുത്ത് പുറത്തായി. ഡേവിഡ് മില്ലെര്‍ (1), മന്‍ദീപ് സിങ് (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഹൈദരാബാദിനായി സന്ദീപ് ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറി മികവിലാണ് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് 151 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 

ipl 2019 kings xi punjab vs sunrisers hyderabad

പഞ്ചാബ് ബൗളര്‍മാരുടെ മികവ് കണ്ട മത്സരത്തില്‍ 62 പന്തില്‍ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 70 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ക്കും 27 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത വിജയ് ശങ്കറിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍ തന്നെ വമ്പനടിക്കാരനായ ജോണി ബെയര്‍സ്റ്റോവിനെ നഷ്ടമായി. ആറു പന്തില്‍ നിന്ന് ഒരു റണ്ണെടുത്ത ബെയര്‍സ്റ്റോവിനെ മുജീബ് റഹ്മാന്‍ പുറത്താക്കുകയായിരുന്നു. ഈ സീസണിലെ ഏറ്റവും അപകടകാരികളായ കൂട്ടുകെട്ടാണ് പഞ്ചാബ് വെറും ഏഴു റണ്‍സില്‍ പിരിച്ചത്. 

പിന്നാലെ വിജയ് ശങ്കറും വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിനെ 56 വരെയെത്തിച്ചു. ക്യാപ്റ്റന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 12 റണ്‍സെടുത്ത മുഹമ്മദ് നബി റണ്ണൗട്ടായി. മനീഷ് പാണ്ഡെ 19 റണ്‍സെടുത്തു. അവസാന പന്ത് സിക്സറടിച്ച ദീപക് ഹൂഡയാണ് ഹൈദരാബാദ് സ്‌കോര്‍ 150-ല്‍ എത്തിച്ചത്.

Content Highlights: ipl 2019 kings xi punjab vs sunrisers hyderabad