മൊഹാലി: ഐ.പി.എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 12 റണ്‍സ് തോല്‍വി. 

183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന നിമിഷം 11 പന്തില്‍ നിന്ന് മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയുമായി 33 റണ്‍സെടുത്ത സ്റ്റ്യുവര്‍ട്ട് ബിന്നി തകര്‍ത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നേരത്തെ ജയ്പുരില്‍ നടന്ന ആദ്യ മത്സരത്തിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു. 

രാജസ്ഥാനായി ഒാപ്പണര്‍ രാഹുല്‍ ത്രിപാഠി അര്‍ധ സെഞ്ചുറി (50) നേടിയെങ്കിലും ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ സാധിക്കാതിരുന്നത് ടീമിന് വിനയായി. 45 പന്തുകള്‍ നേരിട്ട രാഹുലിന് നാലു ബൗണ്ടറി മാത്രമാണ് നേടാനായത്.

17 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ബൗണ്ടറിയുമടക്കം തകര്‍ത്തടിച്ച് തുടങ്ങിയ ജോസ് ബട്ട്‌ലറെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ അര്‍ഷ്ദീപ് സിങ്ങാണ് പഞ്ചാബിന് ആശിച്ച തുടക്കം നല്‍കിയത്. സഞ്ജു സാംസണ്‍ 21 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 27 റണ്‍സെടുത്ത് പുറത്തായി. വമ്പനടിക്കാരന്‍ ആഷ്ടണ്‍ ടര്‍ണര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി.

20 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ രഹാനെ 19-ാം ഓവറില്‍ പുറത്തായതും രാജസ്ഥാന് തിരിച്ചടിയായി. പഞ്ചാബിനായി അര്‍ഷദീപ്, അശ്വിന്‍, ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി. എട്ടു മത്സരങ്ങളില്‍ രണ്ടു ജയം മാത്രമുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തത്. 47 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 52 റണ്‍സാണ് രാഹുല്‍ നേടിയത്. 

IPL 2019 Kings XI Punjab vs Rajasthan Royals

പതിവുപോലെ തകര്‍ത്തടിച്ചു തുടങ്ങിയ ക്രിസ് ഗെയിലിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 22 പന്തുകള്‍ നേരിട്ട ഗെയില്‍ മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 30 റണ്‍സെടുത്തു. പിന്നാലെയെത്തിയ മായങ്ക് അഗര്‍വാളും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 12 പന്തില്‍ നിന്ന് രണ്ടു സിക്സും ഒരു ബൗണ്ടറിയുമടക്കം 26 റണ്‍സെടുത്ത മായങ്കിനെ ഇഷ് സോധിയാണ് പുറത്താക്കിയത്.

മൂന്നാം വിക്കറ്റില്‍ രാഹുല്‍ - ഡേവിഡ് മില്ലെര്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ബൗണ്ടറിയുമായി 40 റണ്‍സെടുത്ത മില്ലെര്‍ അവസാന ഓവറിലാണ് പുറത്തായത്. അവസാന ഓവറില്‍ നാലു പന്തില്‍ നിന്ന് 17 റണ്‍സടിച്ചെടുത്ത ക്യാപ്റ്റന്‍ ആര്‍. അശ്വിനാണ് പഞ്ചാബ് സ്‌കോര്‍ 182-ല്‍ എത്തിച്ചത്. നിക്കോളാസ് പുരന്‍ (5), മന്‍ദീപ് സിങ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Content Highlights: IPL 2019  Kings XI Punjab vs Rajasthan Royals