ന്യൂഡല്‍ഹി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും അര്‍ദ്ധ സെഞ്ചുറികള്‍ ഡല്‍ഹിയുടെ വിജയം അനായാസമാക്കുകയായിരുന്നു.

13 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷാ വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ ധവാനും അയ്യരും ഒത്തുചേര്‍ന്നു. ഇരുവരും 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധവാന്‍ 41 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും അടക്കം 56 റണ്‍സ് അടിച്ചു. 49 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സുമായി അയ്യര്‍ പുറത്താകാതെ നിന്നു. ഋഷഭ് പന്ത് ആറു റണ്‍സെടുത്തും കോളിന്‍ ഇന്‍ഗ്രാം 19 റണ്‍സിനും പുറത്തായി. അക്‌സര്‍ പട്ടേലിന് ഒരു റണ്‍സേ ചേര്‍ക്കാനായുള്ളു. പഞ്ചാബിനായി വിലിജിയോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ഗെയ്ലിന്റെ (37 പന്തില്‍ 69) ബാറ്റിങ് കരുത്തില്‍ പഞ്ചാബ് ഏഴിന് 163 റണ്‍സെടുക്കുകയായിരുന്നു. മന്‍ദീപ് സിങ് (27 പന്തില്‍ 30), ക്യാപ്റ്റന്‍ അശ്വിന്‍ (14 പന്തില്‍ 16), ഹര്‍പ്രീത് ബ്രാര്‍ (12 പന്തില്‍ 20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. നന്നായി തുടങ്ങിയ പഞ്ചാബ് ആദ്യ അഞ്ച് ഓവറില്‍ 46 റണ്‍സും 10 ഓവറില്‍ 92 റണ്‍സിലുമെത്തി. മധ്യനിര ഓവറുകളില്‍ പക്ഷേ, ഡല്‍ഹി തടഞ്ഞുനിര്‍ത്തി.

നേപ്പാളുകാരനായ യുവ ലെഗ് സ്പിന്നര്‍ സന്ദീപ് ലെമിച്ചാനെയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 13-ാം ഓവറില്‍ ഗെയ്ലിനെയും സാം കറനെയും (0) മടക്കിയ ലമിച്ചാനെ പഞ്ചാബിന്റെ കുതിപ്പിനെ പിടിച്ചുനിര്‍ത്തി. 12 റണ്‍സില്‍നില്‍ക്കേ ഓപ്പണര്‍ ലോകേഷ് രാഹുലിനെയും മടക്കിയത് ലമിച്ചാനെയാണ്. 37 പന്തില്‍ ആറു ബൗണ്ടറിയും അഞ്ചു സിക്‌സും അടങ്ങിയതാണ് ഗെയ്ലിന്റെ ഇന്നിങ്സ്. നന്നായി കളിച്ചുവന്ന മന്‍ദീപ് സിങ്ങിനെ ഋഷഭ് സ്റ്റമ്പ് ചെയ്തു.

നാല് ഓവറില്‍ 40 റണ്‍സ് നല്‍കിയ ലമിച്ചാനെ ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, സാം കറന്‍ എന്നിവരെ മടക്കി. അക്ഷര്‍ പട്ടേല്‍ മൂന്ന് ഓവറില്‍ 22 റണ്‍സിന് രണ്ടുവിക്കറ്റെടുത്തു. അവസാന അഞ്ച് ഓവറില്‍ 45 റണ്‍സടിച്ച് പഞ്ചാബ് പൊരുതാവുന്ന സ്‌കോറിലെത്തി.

Content Highlights: IPL 2019 Kings XI Punjab vs Delhi Capitals