മൊഹാലി: അവസാന നിമിഷങ്ങളിലെ കൂട്ടത്തകര്‍ച്ചയിലൂടെ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ വിജയം കൈവിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.2 ഓവറില്‍ 152 റണ്‍സിന് പുറത്തായി. പഞ്ചാബിന് 14 റണ്‍സ് ജയം. 

ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് നേടിയ സാം കറനും രണ്ടു വിക്കറ്റ് വീതമെടുത്ത അശ്വിനും ഷമിയുമാണ് ഡല്‍ഹിയെ തകര്‍ത്തത്. ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, സന്ദീപ് ലാമിഷാനെ എന്നിവരെയാണ് കറന്‍ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്. 

144-ന് നാല് എന്ന നിലയില്‍ നിന്നാണ് ഡല്‍ഹി 152-ന് ഓള്‍ഔട്ടായത്. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ താരം പൃഥ്വി ഷായെ നഷ്ടമായി. അശ്വിന്റെ ആദ്യ പന്തില്‍ തന്നെ ഷായെ വിക്കറ്റ് കീപ്പര്‍ രാഹുല്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ക്രീസില്‍ ഒന്നിച്ച ശിഖര്‍ ധവാന്‍ - ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ശ്രദ്ധയോടെയാണ് ഇരുവരും ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. 

IPL 2019 Kings XI Punjab vs Delhi Capitals

22 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 28 റണ്‍സെടുത്ത അയ്യരെ പുറത്താക്കി ഹാര്‍ദുസ് വില്‍ജോയനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 25 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ധവാനെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ ഒന്നിച്ച റിഷഭ് പന്ത് - കോളിന്‍ ഇന്‍ഗ്രാം സഖ്യം 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഡല്‍ഹി വിജയത്തോട് അടുക്കുകയായിരുന്നു. എന്നാല്‍ 17-ാം ഓവറില്‍ പന്തിനെ ഷമി മടക്കിയതോടെ ഡല്‍ഹി വീണ്ടും പ്രതിരോധത്തിലായി. 26 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 39 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. പിന്നാലെ വമ്പനടിക്ക് പേരുകേട്ട ക്രിസ് മോറിസ് റണ്ണൗട്ടാകുകയും ചെയ്തു. 

സ്‌കോര്‍ 147-ല്‍ എത്തിയപ്പോള്‍ വമ്പനടിക്കു ശ്രമിച്ച ഇന്‍ഗ്രാം, സാം കറന്റെ പന്തില്‍ പുറത്തായി. 29 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ബൗണ്ടറിയുമടക്കം 38 റണ്‍സെടുത്താണ് ഇന്‍ഗ്രാം മടങ്ങിയത്. 19-ാം ഓവറില്‍ അവസാന പ്രതീക്ഷയായിരുന്ന ഹനുമ വിഹാരിയെ (2) ഷമി മടക്കിയതോടെ ഡല്‍ഹി മത്സരം കൈവിട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിരുന്നു. 58 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് മില്ലെര്‍ - സര്‍ഫറാസ് ഖാന്‍ സഖ്യമാണ് തുണച്ചത്. ഇരുവരും 62 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. 

IPL 2019 Kings XI Punjab vs Delhi Capitals

സര്‍ഫറാസ് ഖാന്‍ 29 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ 39 റണ്‍സെടുത്ത് പുറത്തായി. 30 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ബൗണ്ടറിയുമടക്കം 43 റണ്‍സെടുത്ത മില്ലെറെ ക്രിസ്മോറിസ് പുറത്താക്കി. മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസും രണ്ടു വിക്കറ്റ് വീതമമെടുത്ത സന്ദീപ് ലാമിഷാനെയും കഗിസോ റബാദയും ചേര്‍ന്ന് പഞ്ചാബ് ബാറ്റ്സ്മാന്‍മാരെ പിടിച്ചുകെട്ടുകയായിരുന്നു.

ക്രിസ് ഗെയില്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്ന് ഇറങ്ങിയത്. ഗെയിലിന്റെ അഭാവത്തില്‍ രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സാം കറന്‍ 10 പന്തുകളില്‍ നിന്ന് ഒരു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 20 റണ്‍സെടുത്ത് പുറത്തായി. ലോകേഷ് രാഹുല്‍ (15), മായങ്ക് അഗര്‍വാള്‍ (6) എന്നിവര്‍ കാര്യമായ സംഭവനകള്‍ നല്‍കാതെ മടങ്ങി.

അവസാന നിമിഷ വരെ പിടിച്ചുനിന്ന മന്‍ദീപ് സിങ്ങാണ് പഞ്ചാബ് സ്‌കോര്‍ 160 കടത്തിയത്. 21 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയും ഒരു സിക്‌സും അടക്കം മന്‍ദീപ് 29 റണ്‍സോടെ പുറത്താകാതെ നിന്നു. ഹാര്‍ദുസ് വില്‍ജോയന്‍ (1), രവിചന്ദ്രന്‍ അശ്വിന്‍ (3), മുരുകന്‍ അശ്വിന്‍ (1), മുഹമ്മദ് ഷമി (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

Content Highlights: IPL 2019 Kings XI Punjab vs Delhi Capitals