ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ഐ.പി.എല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഓരോ സൈനികന്റെയും കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതമാണ് പഞ്ചാബ് ടീം നല്‍കിയത്. 

പുല്‍വാമയില്‍ ജീവന്‍ നഷ്ടമായ പഞ്ചാബ് സ്വദേശികളായ സൈനികര്‍ക്കാണ് സഹായം നല്‍കിയത്. ജയ്മല്‍ സിങ്, സുഖ്ജിന്ദര്‍ സിങ്, മനിന്ദര്‍ സിങ്, കുല്‍വിന്ദര്‍ സിങ്, തിലക് രാജ് എന്നീ സൈനകരുടെ കുടുംബാംഗങ്ങള്‍ക്ക് പഞ്ചാബ് ടീം അധികൃതര്‍ ചെക്ക് കൈമാറി. ടീം ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിനും ചടങ്ങില്‍ പങ്കെടുത്തു. 

ഫെബ്രുവരി 14-ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലിന്റെ 12-ാം പതിപ്പിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.

Content Highlights: ipl 2019 kings xi punjab donate rs 25 lakh to families of pulwama martyrs