ചെന്നൈ: ഐ.പി.എല്‍ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത് വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ പ്രകടനമായിരുന്നു. നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഭാജിയുടെയും ഇമ്രാന്‍ താഹിറിന്റെയും പ്രകടനമാണ് ബാംഗ്ലൂരിനെ വെറും 70 റണ്‍സില്‍ എറിഞ്ഞിടാന്‍ ചെന്നൈക്ക് സഹായകമായത്. 

എന്നാല്‍ ഹര്‍ഭജനെ ആദ്യ മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോഴിതാ ഭാജി തന്നെ ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. 

ബാംഗ്ലൂര്‍ ടീമില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതലുള്ളതുകൊണ്ടാണ് തന്നെ ടീമിലെടുത്തതെന്നാണ് ഹര്‍ഭജന്‍ വെളിപ്പെടുത്തിയത്. മത്സരത്തിന്റെ തലേന്ന് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ്ങാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഭാജി വെളിപ്പെടുത്തി. പവര്‍ പ്ലേയില്‍ താന്‍ ബൗള്‍ ചെയ്യണമെന്ന് ഫ്ലെമിങ് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മത്സരത്തിനു ശേഷം ചെന്നൈയിലെ പിച്ചിന്റെ നിലവാരം മെച്ചപ്പെടണമെന്ന് അഭിപ്രായപ്പെട്ട ചെന്നൈ നായകന്‍ ധോനിയുടെയും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലിയുടെയും വാക്കുകളോടും ഭാജി പ്രതികരിച്ചു. പിച്ച് അത്ര മോശമായിരുന്നെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിങ് ബുദ്ധിമുട്ടുള്ള പിച്ച് തന്നെയായിരുന്നു അത്. എന്നാല്‍ അത് ഒട്ടും കളിക്കാന്‍ കഴിയാത്ത പിച്ചാണെന്നൊന്നും തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍മാര്‍ വരവറിയിച്ചത്. 71 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 14 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

Content Highlights: ipl 2019 harbhajan singh reveals reason for his inclusion