ഹൈദരാബാദ്: ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡിന് പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പൊള്ളാര്‍ഡിന് പിഴയായി വിധിച്ചത്.

ഐ.പി.എല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുന്ന കുറ്റമാണ് പൊള്ളാര്‍ഡിനെതിരേ ചുമത്തിയിരിക്കുന്നത്. 

മുംബൈ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ പന്ത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വൈഡ് വിളിക്കാതിരുന്നതാണ് പൊള്ളാര്‍ഡിനെ ചൊടിപ്പിച്ചത്. അവസാന ഓവറിലെ രണ്ടാം പന്ത് വൈഡായാണ് വന്നത്. എന്നാല്‍ പൊള്ളാര്‍ഡ് ക്രീസില്‍ നിന്ന് ആ ഭാഗത്തേക്ക് നീങ്ങി ഷോട്ടിന് ശ്രമിച്ചതിനാല്‍ പന്ത് ബീറ്റണായിട്ടും അമ്പയര്‍ വൈഡ് വിളിച്ചിരുന്നില്ല. പക്ഷേ മൂന്നാം പന്തും വൈഡായാണ് വന്നതെങ്കിലും അതിലും ഫീല്‍ഡ് അമ്പയറായ നിധിന്‍ മേനോന്‍ വൈഡ് അനുവദിച്ചില്ല. ഈ പന്തില്‍ പൊള്ളാര്‍ഡ് ക്രീസില്‍ നിന്ന് അനങ്ങിയിരുന്നില്ല.

ഇതോടെ പൊള്ളാര്‍ഡ് ബാറ്റ് ബാറ്റ് മുകളിലേക്കെറിഞ്ഞ് അതൃപ്തി അറിയിക്കുകയായിരുന്നു. കൂടാതെ തൊട്ടടുത്ത പന്തിനു മുന്‍പ് ക്രീസില്‍ നിന്ന് മാറി നിന്ന് ഗാര്‍ഡ് എടുക്കുകയും ചെയ്തു. ഇത് കാര്യമാക്കാതെ ബ്രാവോ പന്തെറിയാനെത്തിയെങ്കിലും റണ്ണപ്പിനിടെ പൊള്ളാര്‍ഡ് ക്രിസില്‍ നിന്ന് മാറിനിന്നു. 

ഇതോടെ അമ്പയര്‍മാരായ നിധിനും ഇയാന്‍ ഗൗള്‍ഡും പൊള്ളാര്‍ഡിനടുത്തെത്തി താരത്തെ താക്കീത് ചെയ്യുകയും ചെയ്തു. കാര്യമന്വേഷിച്ച അമ്പയര്‍മാരോട് വൈഡ് വിളിക്കാത്തതിലുള്ള പ്രതിഷേധമാണ് ഇതെന്ന് താരം തുറന്നടിച്ചു. മത്സരത്തില്‍ 25 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത പൊള്ളാര്‍ഡായിരുന്നു മുബൈയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ചെന്നൈയെ ഒരു റണ്ണിന് തോല്‍പ്പിച്ച് മുംബൈ തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. 

ഐ.പി.എല്‍ 12-ാം സീസണില്‍ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പൊള്ളാര്‍ഡിന് പിഴശിക്ഷ ലഭിച്ചിരിക്കുന്നത്.

Content Highlights: ipl 2019 final mumbai indians kieron pollard fined