ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിന് ഏഴു വിക്കറ്റ് ജയം. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ രണ്ടു പന്തി ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

നാലാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ധോനി - കേദാര്‍ ജാദവ് സഖ്യമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ധോനി 35 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 32 റണ്‍സുമായി പുറത്താകാതെ നിന്നു. ജാദവ് 34 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 27 റണ്‍സെടുത്തു.  

148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് അമ്പാട്ടി റായുഡുവിനെ (5) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന ഷെയ്ന്‍ വാട്ട്‌സണ്‍ - സുരേഷ് റെയ്‌ന സഖ്യം തകര്‍ത്തടിച്ച് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ചെന്നൈ ട്രാക്കിലായി. എന്നാല്‍ 26 പന്തില്‍ നിന്ന് മൂന്നു സിക്‌സും നാലു ബൗണ്ടറിയുമടക്കം 44 റണ്‍സെടുത്ത വാട്ട്‌സണെ അമിത് മിശ്രയുടെ പന്തില്‍ ഋഷഭ് പന്ത് സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. 16 പന്തില്‍ നിന്ന് 30 റണ്‍സ് അടിച്ചെടുത്ത റെയ്‌നയും മടങ്ങിയതോടെ ചെന്നൈ പ്രതിരോധത്തിലായി. എന്നാല്‍ ധോനി - ജാദവ് കൂട്ടുകെട്ട് ഒന്നിച്ചതോടെ ചെന്നൈ വിജയം പിടിച്ചെടുത്തു. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. ധവാന്‍ 47 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 51 റണ്‍സെടുത്ത് പുറത്തായി. 

ഡല്‍ഹിക്കായി പൃഥ്വി ഷായും ധവാനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 4.3 ഓവറില്‍ 36 റണ്‍സ് നേടി. 16 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 24 റണ്‍സെടുത്ത പൃഥ്വിയെ ദീപക് ചാഹറാണ് മടക്കിയത്. കൃത്യമായ ബൗളിങ് മാറ്റങ്ങള്‍ വരുത്തിയ ധോനി ഡല്‍ഹി ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ല. അവസാന അഞ്ച് ഓവറില്‍ വെറും 29 റണ്‍സ് മാത്രമാണ് ഡല്‍ഹി സ്‌കോറിലെത്തിയത്. 

കഴിഞ്ഞ മത്സരത്തിലെ വമ്പനടിക്കാരന്‍ ഋഷഭ് പന്ത് അതേ പ്രകടനം ആവര്‍ത്തിച്ചെങ്കിലും 13 പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഒരു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 25 റണ്‍സെടുത്ത പന്തിനെ ശാര്‍ദുല്‍ താക്കൂര്‍ ഒരു മികച്ച ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് 18 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കോളിന്‍ ഇന്‍ഗ്രാമും (2) കാര്യമായ സംഭവന നല്‍കാതെ മടങ്ങി. അക്ഷര്‍ പട്ടേല്‍ (9), രാഹുല്‍ തെവാതിയ (11) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈക്കായി ആദ്യ ഓവറില്‍ തല്ലുവാങ്ങിയെങ്കിലും ബ്രാവോ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Content Highlights: ipl 2019 delhi capitals vs chennai super kings