ബെംഗളൂരു: കെ.എല്‍ രാഹുലിന് അഭിനന്ദനവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഇന്ത്യയുടെ അടുത്ത വിരാട് കോലിയാകാന്‍ രാഹുലിന് കഴിയുമെന്നാണ് ഗെയ്ല്‍ പറയുന്നത്. ഒരു ഇന്ത്യന്‍ താരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ രാഹുലിന്റെ മുഖമാണ് ആദ്യം മനസ്സിലേക്കെത്തുക. കോലിയൊപ്പോലെയാകാന്‍ രാഹുലിന് കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കോലിക്ക് ശേഷം രാഹുലിന് അതു സാധിക്കും. ഗെയ്ല്‍ പറയുന്നു.

അസാധാരണമായ കഴിവുകളുള്ള താരമാണ് രാഹുല്‍. ഇപ്പോഴത്തെ മികവ് തുടരാനായാല്‍ കോലിയുടെ നേട്ടങ്ങള്‍ പിന്തുടരാന്‍ രാഹുലിന് കഴിയും. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗെയ്ല്‍ പറയുന്നു. അതേസമയം രാഹുലിനെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തരുതെന്നും സമയവും അവസരവും നല്‍കണമെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടുന്നു. 

ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഗെയ്‌ലും രാഹുലുമാണ്. ഈ സീസണില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍. 12 മത്സരങ്ങളില്‍ നിന്ന് 520 റണ്‍സാണ് ഇന്ത്യന്‍ താരം അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചറിയും ഉള്‍പ്പെടുന്നു. 

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണര്‍ ആണ് ഒന്നാം സ്ഥാനത്ത്. വാര്‍ണര്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതിനാല്‍ രാഹുലിന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമുണ്ട്‌.

Content Highlihts: Chris Gayle backs KXIP teammate KL Rahul to succeed India captain Virat Kohli