ചെന്നൈ: ഐ.പി.എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 109 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 17.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് പത്തു പോയന്റുമായി ചെന്നൈ ഒന്നാമതെത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്കായി ഓപ്പണര്‍ വാട്ട്‌സണ്‍ വെറും ഒമ്പത് പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ബൗണ്ടറിയും സഹിതം 17 റണ്‍സെടുത്തു. തകര്‍ത്തടിച്ച വാട്ട്‌സണെ സുനില്‍ നരെയ്‌നാണ് പുറത്താക്കിയത്. അധികം വൈകാതെ സുരേഷ് റെയ്‌നയും (14) മടങ്ങി.
പിന്നാലെ ക്രീസില്‍ ഒന്നിച്ച ഫാഫ് ഡുപ്ലെസിസ് - അമ്പാട്ടി റായുഡു സഖ്യം മൂന്നാം വിക്കറ്റില്‍ 46 റണ്‍സ് ചേര്‍ത്തു. 31 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് അധികം വിക്കറ്റ് നഷ്ടമില്ലാതെ ഡുപ്ലെസിസും കേദാര്‍ ജാദവും (8*) ചേര്‍ന്ന് ചെന്നൈയെ വിജയത്തിലെത്തിച്ചു. ഡുപ്ലെസിസ് 45 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 43 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ മൂന്നു കൊല്‍ക്കത്ത ബാറ്റ്സ്മാന്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തി. ആദ്യ സ്പെല്ലില്‍ മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറാണ് കൊല്‍ക്കത്ത മുന്‍നിരയെ തകര്‍ത്തത്.
സ്‌കോര്‍ ആറിലെത്തിയപ്പോള്‍ അക്കൗണ്ട് തുറക്കാതെ ക്രിസ് ലിന്‍ മടങ്ങി. പിന്നാലെ അഞ്ചു പന്തില്‍ നിന്ന് ആറു റണ്‍സുമായി സുനില്‍ നരൈനും പുറത്തായി. വന്നപാടെ നിധീഷ് റാണയെ ചാഹര്‍ പുറത്താക്കി. സ്‌കോര്‍ 24-ല്‍ എത്തിയപ്പോള്‍ 11 റണ്‍സുമായി റോബിന്‍ ഉത്തപ്പയും പുറത്തായതോടെ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച മണത്തു.
എന്നാല്‍ അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ആന്ദ്രേ റസലാണ് കൊല്‍ക്കത്ത സ്‌കോര്‍ 108-ല്‍ എത്തിച്ചത്. 44 പന്തുകളില്‍ നിന്ന് മൂന്നു സിക്സും അഞ്ചു ബൗണ്ടറികളുമടക്കം റസല്‍ 50 റണ്‍സെടുത്തു.
ദിനേഷ് കാര്‍ത്തിക് (19), പിയുഷ് ചൗള (8), കുല്‍ദീപ് യാദവ് (0), പ്രസിദ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ചെന്നൈക്കായി ഹര്‍ഭജന്‍ സിങ്ങും ഇമ്രാന്‍ താഹിറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: IPL 2019 Chennai Super Kings vs Kolkata Knight Riders