ചെന്നൈ: ഐ.പി.എല്‍ 12-ാം സീസണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ 22 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. 

161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

അര്‍ധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും സര്‍ഫറാസ് ഖാനും പൊരുതി നോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. രാഹുല്‍ 47 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കം 55 റണ്‍സെടുത്തു. സര്‍ഫറാസ് 59 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ബൗണ്ടറിയുമടക്കം 67 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി.

IPL 2019 Chennai Super Kings vs Kings XI Punjab

161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴു റണ്‍സ് എടുക്കുന്നതിനിടെ ക്രിസ് ഗെയിലിനെയും മായങ്ക് അഗര്‍വാളിനെയും അവര്‍ക്ക് നഷ്ടമായി. പിന്നാലെ ക്രീസില്‍ ഒന്നിച്ച രാഹുല്‍ - സര്‍ഫറാസ് സഖ്യം മൂന്നാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാല്‍ റണ്‍റേറ്റ് ഉയര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി. രാഹുലിനെ പുറത്താക്കി കുഗ്ഗെലെജിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറു റണ്‍സുമായി മില്ലെറും മടങ്ങി. 

ചെന്നൈക്കായി ഹര്‍ഭജനും കുഗ്ഗെലെജിനും രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 

IPL 2019 Chennai Super Kings vs Kings XI Punjab

പവര്‍പ്ലേയില്‍ തകര്‍പ്പന്‍ തുടക്കമിട്ട ചെന്നൈയെ അതിനു ശേഷം നടത്തിയ മികച്ച ബൗളിങ്ങിലൂടെ പഞ്ചാബ് പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്ട്സണും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 44 പന്തുകളില്‍ നിന്ന് 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 24 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സുമടക്കം 26 റണ്‍സെടുത്ത വാട്ട്സണെ അശ്വിന്‍ പുറത്താക്കുകയായിരുന്നു. 

IPL 2019 Chennai Super Kings vs Kings XI Punjab

ഈ സീസണില്‍ ചെന്നൈക്കായി ആദ്യ മത്സരം കളിച്ച ഡുപ്ലെസിസ് തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. 38 പന്തില്‍ നിന്ന് നാലു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 54 റണ്‍സെടുത്ത ഡുപ്ലെസിസിനെ അശ്വിന്‍ മടക്കി. തൊട്ടടുത്ത പന്തില്‍ അശ്വിന്‍ സുരേഷ് റെയ്നയുടെ കുറ്റിയും തെറിപ്പിച്ചു. പഞ്ചാബിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞ അശ്വിന്‍ നാല് ഓവറില്‍ വെറും 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി.

പിന്നാലെ ക്രീസില്‍ ഒന്നിച്ച എം.എസ് ധോനിക്കും അമ്പാട്ടി റായുഡുവും ചേര്‍ന്നാണ് ചെന്നൈ സ്‌കോര്‍ 160-ല്‍ എത്തിച്ചത്. ധോനി 22 പന്തുകളില്‍ നിന്ന് 36 റണ്‍സും റായുഡു 15 പന്തുകളില്‍ നിന്ന് 21 റണ്‍സുമെടുത്തു. നാലാം വിക്കറ്റില്‍ 60 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

Content Highlights: IPL 2019 Chennai Super Kings vs Kings XI Punjab