ചെന്നൈ: കിങ്‌സ് ഇലവന്‍ പഞ്ചാബിനു പിന്നാലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് സഹായവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്.
ചെന്നൈയില്‍ നടക്കുന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്ന് ടീം അറിയിച്ചു. മത്സരത്തിനു ശേഷം ടീം ക്യാപ്റ്റനും ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലുമായ എം.എസ് ധോനി ചെക്ക് കൈമാറുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡയറക്ടര്‍ രാകേഷ് സിങ് പറഞ്ഞു.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഈ വരുന്ന 23-നാണ് ചെന്നൈയുടെ ആദ്യ മത്സരം.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് 25 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. ഓരോ സൈനികന്റെയും കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതമാണ് പഞ്ചാബ് ടീം നല്‍കിയത്.
ഫെബ്രുവരി 14-ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലിന്റെ 12-ാം പതിപ്പിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.
Content Highlights: ipl 2019 chennai super kings to donate proceeds from first home game to pulwama martyrs families