കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തിലെ മങ്കാദിങ്ങിന്റെ പേരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തിയായിരുന്നു അതെന്ന് പലരും പറയുമ്പോഴും ക്രിക്കറ്റ് നിയമത്തിനുള്ളില്‍ നിന്നാണ് അത്തരമൊരു കാര്യം ചെയ്തതെന്നായിരുന്നു അശ്വിന്റെ വിശദീകരണം.

എന്നാലിപ്പോഴിതാ അതേ നിയമം തന്നെ അശ്വിനെയും അദ്ദേഹത്തിന്റെ ടീമിനെയും തിരിച്ചടിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് 28 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പഞ്ചാബ് ക്യാപ്റ്റന്റെ ഒരു പിഴവും. 

സംഭവം ഇങ്ങനെ; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത വിന്‍ഡീസ് താരം ആന്ദ്രേ റസ്സലാണ് ഒറ്റയടിക്ക് കൊല്‍ക്കത്ത സ്‌കോര്‍ 200 കടത്തിയത്. മത്സരത്തില്‍ ടോസ് നേടിയ അശ്വിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചേസ് ചെയ്യുന്ന ടീമുകളെ തുണയ്ക്കുന്ന ഈഡന്റെ ചരിത്രം തന്നെയാണ് അശ്വിനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത്. എന്നാല്‍ ക്രീസില്‍ ഒന്നിച്ച നിധീഷ് റാണയും റോബിന്‍ ഉത്തപ്പയും തകര്‍ത്തടിച്ചതോടെ പഞ്ചാബ് പ്രതിരോധത്തിലായി. കൂട്ടത്തില്‍ അപകടകാരിയായ റാണ പുറത്തായതോടെ പഞ്ചാബിന് ശ്വാസം നേരെ വീണു. എന്നാല്‍ ആന്ദ്രേ റസ്സലാണ് പിന്നീട് ക്രീസിലെത്തിയത്. 17-ാം ഓവറില്‍ മുഹമ്മദ് ഷമി റസ്സലിന്റെ കുറ്റി തെറിപ്പിക്കുകയും ചെയ്തു. റസ്സല്‍ പുറത്തായത് പഞ്ചാബ് താരങ്ങള്‍ ആഘോഷിക്കുന്നതിനിടെ അമ്പയര്‍ നോബോള്‍ വിളിച്ചു.

ipl 2019 ashwin takes blame for no ball incident which proved to be costly

ഫീല്‍ഡിങ് നിയമമനുസരിച്ച് 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നാലു ഫീല്‍ഡര്‍മാരെ നിര്‍ബന്ധമായും നിര്‍ത്തിയിരിക്കണം. എന്നാല്‍ റസ്സലിന്റെ വിക്കറ്റ് വീഴുമ്പോള്‍ സര്‍ക്കിളിനുള്ളില്‍ മൂന്നു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ നിയമലംഘനത്തിന്റെ പേരില്‍ ഷമിയുടെ പന്ത് നോബോളായി. റസ്സലിന് ജീവനും തിരിച്ചുകിട്ടി. ആ സമയത്ത് നാലു പന്തില്‍ മൂന്നു റണ്‍സ് മാത്രമായിരുന്നു റസ്സലിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. പിന്നീട് തകര്‍ത്തടിച്ച റസ്സല്‍ വെറും 17 പന്തില്‍ നിന്ന് കൊല്‍ക്കത്ത സ്‌കോറില്‍ ചേര്‍ത്തത് 48 റണ്‍സായിരുന്നു. റസ്സലിന്റെ മികവില്‍ ആന്‍ഡ്രൂ ടൈയുടെ അടുത്ത ഓവറില്‍ 23 റണ്‍സും ഷമിയുടെ 19-ാം ഓവറില്‍ 25 റണ്‍സുമാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. 

ഫീല്‍ഡിങ് ക്രമീകരണത്തില്‍ അശ്വിനു പറ്റിയ പിഴവാണ് മത്സരം തോല്‍ക്കാന്‍ കാരണമായതെന്നു വ്യക്തം. കാരണം 28 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. ആ നോബോളിലൂടെ ജീവന്‍ തിരിച്ചുകിട്ടിയ റസ്സല്‍ പിന്നീട് 45 റണ്‍സാണ് കൊല്‍ക്കത്ത സ്‌കോറിലേക്ക് ചേര്‍ത്തത്. ആ നോബോള്‍ വഴങ്ങേണ്ടിവന്നത് തന്റെ തെറ്റാണെന്ന് മത്സര ശേഷം അശ്വിന്‍ പ്രതികരിക്കുകയും ചെയ്തു.

ipl 2019 ashwin takes blame for no ball incident which proved to be costly

ആദ്യ മത്സരത്തില്‍ ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന് ലഭിച്ച തിരിച്ചടിയായാണ് ക്രിക്കറ്റ് പ്രേമികള്‍ ഇൗ സംഭവത്തെ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: ipl 2019 ashwin takes blame for no ball incident which proved to be costly